എറണാകുളം : ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കടലിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. നരഹത്യ കുറ്റമടക്കം ചുമത്തിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. കേസിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി (high court verdict on childs body thrown into sea).
മരിച്ചു എന്ന് കരുതി ആറ് മാസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹം കടലിൽ തള്ളിയ സംഭവത്തിൽ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് യുപി സ്വദേശികളായ മാതാപിതാക്കളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ മനഃപൂർവമുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതികൾ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
2015 ഒക്ടോബർ 10 നായിരുന്നു കേസിനാസ്‌പദമായ സംഭവം. കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേൽപ്പിച്ചതിന് ശേഷം ശരീരം കടലിൽ തള്ളി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഒക്ടോബർ 16ന് മൃതദേഹം ലഭിച്ചു. കീഴ്‌ക്കോടതി മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചു.
ഈ ശിക്ഷ വിധി ചോദ്യം ചെയ്‌താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചു എന്ന് കരുതി കുഞ്ഞിന്‍റെ മൃതദേഹം ആചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കടലിൽ ഒഴുക്കുകയായിരുന്നു എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. കൂടാതെ, കടലിൽ തള്ളുന്ന സമയം കുഞ്ഞ് ജീവിക്കാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ തക്ക തെളിവുകളും പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടില്ലെന്നും ഹർജിക്കാർ ഉന്നയിച്ചു.
അതേസമയം, കുട്ടിയെ മാരകമായി പരിക്കേൽപ്പിച്ചതിനല്ല പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നും മറിച്ച് ശരീരം കടലിൽ തള്ളിയ സംഭവത്തിലാണ് കുറ്റമാരോപിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജീവഹാനി ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കൃത്യം നടത്തിയെങ്കിൽ മാത്രമെ നരഹത്യ കുറ്റം ചുമത്താൻ സാധിക്കൂവെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അപ്പീൽ അനുവദിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി. യാദൃശ്ചികമായി കട്ടിലിൽ തലയിടിച്ച് കുട്ടി മരിക്കുകയും പിന്നീട് ആചാരപരമായി മൃതശരീരം കടലിൽ ഒഴുക്കുകയുമായിരുന്നുവെന്ന പ്രതികളുടെ മൊഴിയും ഹൈക്കോടതി കണക്കിലെടുത്തു.