ആദ്യമായി ജൂതന്മാർ എത്തിയ നാട്, തോമശ്ലീഹ വന്നിറങ്ങിയ നാട് തുടങ്ങി ചരിത്രവും കഥകളും ഒരുപാടുണ്ട് പറവൂരില്‍. ജൂതന്മാർക്കും ക്രിസ്‌ത്യാനികൾക്കും, ഹിന്ദുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ മണ്ഡലം. പ്രാദേശിക തലത്തില്‍ ഇടതുമുന്നണിക്കും സിപിഎമ്മിനും ശക്തമായ സ്വാധീനമുണ്ടെങ്കിലും ഇരുപതു വർഷമായി കോൺഗ്രസ് നേതാവ് വി.ഡി സതീശനാണ് പറവൂരിന്‍റെ എംഎൽഎ.
മണ്ഡലത്തിന്‍റെ ചരിത്രം
1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയുടെ എൻ.ശിവൻപിള്ള പറവൂരിന്‍റെ ആദ്യ എംഎൽഎയായി. 1960ലെ തെരഞ്ഞെടുപ്പിൽ കെ.എ ദാമോദര മേനോൻ കോൺഗ്രസിനായി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് ഇരുപത് കൊല്ലം കോൺഗ്രസ് എംഎൽഎമാരായിരുന്നു പറവൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1980-ൽ കോൺഗ്രസ് വിഭജനത്തെ തുടർന്ന് കോൺഗ്രസ് (യു) സ്ഥാനാർഥിയായി മത്സരിച്ച എ.സി ജോസ് വിജയിച്ചു. 1982-ൽ ആദ്യമായി ഇലക്‌ട്രോണിക് വോട്ടിങ് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ പറവൂരിൽ മത്സരിച്ച എ.സി ജോസ്, ശിവൻപിള്ളയോട് 123 വോട്ടിന് തോറ്റു. എന്നാൽ തെരഞ്ഞെടുപ്പ് കേസിനെ തുടർന്ന് റീ പോളിങ് നടക്കുകയും മൂവായിരത്തിൽ അധികം വോട്ടിന് എ.സി ജോസ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1982ൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരമേറ്റപ്പോൾ നിയമസഭാ സ്പീക്കറായി എസി ജോസ് തെരഞ്ഞെടുക്കപ്പെട്ടതും ചരിത്രമാണ്. നിയമസഭയിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തുല്യമായ സീറ്റുകൾ ഉണ്ടായിരുന്ന അവസരത്തിൽ എസി ജോസ് കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തിയാണ് കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ഇടം നേടിയത്. 1987, 1991, 1996 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളാണ് പറവൂരിൽ നിന്നു വിജയിച്ചത്. 2011 മുതൽ ഇതുവരെ കോൺഗ്രസിന്‍റെ വി.ഡി സതീശനാണ് പറവൂരിനെ പ്രതിനിധീകരിക്കുന്നത്.
മണ്ഡലത്തിലെ രാഷ്‌ട്രീയം
1957-ൽ മണ്ഡല രൂപീകരണത്തിന് ശേഷം 14 തെരഞ്ഞെടുപ്പുകൾ നടന്നതിൽ എട്ട് തവണയും മണ്ഡലം കോൺഗ്രസിനൊപ്പമാണ് നിലകൊണ്ടത്. 2001-ൽ സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഐയുടെ പി. രാജുവിനെ 7434 വോട്ടുകൾക്ക് പരാജയപെടുത്തിയാണ് വിഡി സതീശൻ പറവൂരിന്‍റെ എംഎൽഎ ആകുന്നത്. പിന്നെ ഇതുവരെ പറവൂരിലെ ജനങ്ങൾ ഓരോ തവണയും വിഡിയുടെ ഭൂരിപക്ഷം ഉയർത്തിയതല്ലാതെ കൈവിട്ടിട്ടില്ല. ഇത്തവണയും വി.ഡി സതീശൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി.
2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് 1,88,785 വോട്ടർമാരാണ് പറവൂരിൽ ഉളളത്. ഇതിൽ 92,178 പുരുഷന്മാരും 96,605 സ്‌ത്രീകളും ട്രാൻസ്‌ജെൻഡേഴ്‌സായി രണ്ട് പേരും ഉൾപെടും.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പ്
84.20 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,44,124 പേർ വോട്ട് ചെയ്തു. 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഐയുടെ പന്ന്യൻ രവീന്ദ്രനെ പരാജയപെടുത്തി മൂന്നാം വട്ടവും വി.ഡി സതീശൻ പറവൂരിന്‍റെ എംഎൽഎ ആയി. ആ തെരഞ്ഞെടുപ്പിൽ വി.ഡി സതീശന് 74,632(51.78%) വോട്ടും പന്ന്യൻ രവീന്ദ്രന് 62,955(43.91%) വോട്ടും ബിജെപി സ്ഥാനാർഥി ഇഎസ് പുരുഷോത്തമന് 3,934 (2.73%) വോട്ടും ലഭിച്ചു.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ്
![paravur assembly constituency paravur vd satheeshan bjp bdjs പറവൂർ പറവൂർ മണ്ഡലം കേരള ഇലക്ഷൻ നിയമസഭ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11058600_paravur-mla.png)
83.94 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,60,576 പേർ വോട്ട് ചെയ്തു. 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.ഡി സതീശൻ സിപിഐ സ്ഥാനാർഥി ശാരദ മോഹനെ തോൽപിച്ചു. വി.ഡി സതീശന് 74,985 (46.70%) വോട്ടും ശാരദ മോഹന് 54,351(33.85%) എൻഡിഎ സ്ഥാനാർഥി ബി.ഡി.ജെ.എസിന്‍റെ ഹരി വിജയന് 28,097 (17.50%) വോട്ടും ലഭിച്ചു.
![paravur assembly constituency paravur vd satheeshan bjp bdjs പറവൂർ പറവൂർ മണ്ഡലം കേരള ഇലക്ഷൻ നിയമസഭ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11058600_paravur-2016.png)
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
![paravur assembly constituency paravur vd satheeshan bjp bdjs പറവൂർ പറവൂർ മണ്ഡലം കേരള ഇലക്ഷൻ നിയമസഭ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11058600_paravur-lsg.png)
ഏഴ് ഗ്രാമപഞ്ചായത്തും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പറവൂർ നിയോജക മണ്ഡലം. ഗ്രാമപഞ്ചായത്തുകളിൽ അഞ്ചെണ്ണം എൽഡിഎഫിനും രണ്ട് എണ്ണം യുഡിഎഫും ഭരിക്കുന്നു. നോർത്ത് പറവൂർ മുനിസിപ്പാലിറ്റി യുഡിഎഫാണ് ഭരിക്കുന്നത്.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്- എൽഡിഎഫ്
ചിറ്റാറ്റുകരഗ്രാമപഞ്ചായത്ത്- എൽഡിഎഫ്
പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്- എൽഡിഎഫ്
കോട്ടുവളളി ഗ്രാമ പഞ്ചായത്ത്-എൽഡിഎഫ്
വടക്കേക്കര ഗ്രാമ പഞ്ചായത്ത്-എൽഡിഎഫ്
വരാപുഴ ഗ്രാമ പഞ്ചായത്ത്-യുഡിഎഫ്
ഏഴിക്കര ഗ്രാമപഞ്ചായത്ത്- യുഡിഎഫ്
2021ലെ തെരഞ്ഞെടുപ്പ്
വി.ഡി സതീശൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവുമായ എം.ടി നിക്‌സണാണ് എൽഡിഎഫ് സ്ഥാനാർഥി. നിയമസഭയിലേക്ക് എം.ടി നിക്‌സന്‍റെ കന്നിയങ്കമാണ്. ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് എ.ബി. ജയപ്രകാശാണ് എൻഡിഎ സ്ഥാനാർഥി.