എറണാകുളം: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി താഹ ഫസലിന്‍റെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി നാളെ വിധി പറയും. ഈ കേസിലെ രണ്ടാം പ്രതികൂടിയായ താഹയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. ജാമ്യാപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷൻ ശക്തമായി എതിർപ്പാണ് പ്രകടിപ്പിച്ചത്.
മഞ്ചക്കൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ മൃതശരീരത്തിൽ നിന്നും ലഭിച്ച പുസ്തകവും താഹയുടെ വീട്ടിൽ നിന്നും ലഭിച്ചതും ഒരേ തരത്തിലുള്ള പുസ്തകമാണ്. രഹസ്യ യോഗം ചേർന്നതായി വ്യക്തമാക്കുന്ന പുസ്തകം പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ സൂചിപ്പിച്ച 'ജി' അജണ്ടയെന്നത് ഗറില്ല യുദ്ധത്തെയാണ് സൂചിപ്പിക്കുന്നത്. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്നതിൽ സംശയമില്ലന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അടുത്ത സുഹൃത്തുക്കളായിട്ട് പോലും ഒരു തവണ പോലും താഹയും അലനും ഫോണിൽ സംസാരിച്ചിട്ടില്ല.
രഹസ്യ സഖാക്കൾ ഫോണിൽ സംസാരിക്കരുതെന്ന മാവോയിസ്റ്റ് രീതിയാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടികാണിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത വേളയിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് തെളിയിക്കുന്നത് മാവോയിസ്റ്റ് ബന്ധമാണ്. മാവോയിസ്റ്റ് അനുകൂല ബാനറും പുസ്തകങ്ങളുമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതോടൊപ്പം താഹയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ, കൊറിയർ, മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ എന്നിവയും കോടതി വിശദശമായി പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലന്ന നിരീക്ഷണവും കോടതി നടത്തി.