എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പെടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നവംബർ 14 വരെ നീട്ടി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.
ഒന്നാം പ്രതി കരാർ കമ്പനി എം ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്‍റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് നീട്ടിയത്. കേസുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം താൻ പറഞ്ഞു കഴിഞ്ഞതാണെന്ന് ടി ഒ സുരജ് പ്രതികരിച്ചു. അതേ സമയം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം വേണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെടും. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സർക്കാരിനോട് അനുവാദം തേടിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. എട്ടേകാൽ കോടി മുൻകൂർ നൽകാൻ ഉത്തരവിട്ടത് മുൻമന്ത്രിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസിൽ മന്ത്രിയും ഉത്തരവാദിയാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സർക്കാരിനോട് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതി തേടിയതെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം തുടങ്ങുന്നതിനു മുൻപ് സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്ത്രി ഫയലിൽ എഴുതിയതെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും പാലാരിവട്ടം കേസിൽ വിജിലൻസ് കസ്റ്റഡിയിലുള്ള ടി.ഒ സൂരജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് 30നാണ് വിജിലൻസ് ടി.ഒ സൂരജ് അടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ പ്രതികളിലൊരാളായ കിറ്റ്ക്കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.