കൊച്ചി: പാലാരിവട്ടം മേൽപ്പാലം അതീവ ദുർബലമെന്ന് സംയുക്ത പരിശോധന സമിതിയുടെ റിപ്പോർട്ട്. പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകളുണ്ടെന്നും അതിൽ 99 എണ്ണം മൂന്ന് മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതാണെന്നും ഇവ അതീവ ഗുരുതരമാണെന്നും പരിശോധന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.
കൂടാതെ പാലത്തിലെ പിയർ കാപ്പിലെ 83 വിള്ളലുകളിൽ അഞ്ചെണ്ണം മൂന്ന് മില്ലിമീറ്ററിൽ കൂടുതലാണെന്നും പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾ പോകുന്നത് വഴി വിള്ളൽ വർധിക്കുമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
തൃശ്ശൂർ എൻജിനീയറിങ് കോളേജ് പ്രൊഫസറും സ്ട്രക്ചറൽ എൻജിനീയറിംഗ് വിദഗ്ധനുമായ പിപി ശിവൻ, പിഡബ്ല്യുഡി ക്വാളിറ്റി കൺട്രോൾ വിഭാഗം എൻജിനീയർ സജിലി തുടങ്ങിയവരുടെ സമിതി നടത്തിയ പരിശോധനയിലാണ് പാലാരിവട്ടം പാലത്തിന്റെ നില അതീവ ഗുരുതരമെന്ന് കണ്ടെത്തിയിരിക്കുന്നത്.