എറണാകുളം: പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോർട്ട്. റിപ്പോർട്ട് ഇ ശ്രീധരൻ
സർക്കാരിന് കൈമാറി. നിയമസഭയിൽ എത്തിയാണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ് ഐഐടിയുടെ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. പാലാരിവട്ടം പാലം നിർമാണത്തിലെ സാങ്കേതികത്തകരാറുകൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടാണ് ഇ ശ്രീധരൻ സർക്കാരിന് കൈമാറിയത്.
നിലവിലെ അവസ്ഥയിൽ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ ഇ ശ്രീധരൻ തയ്യാറായില്ല. റിപ്പോർട്ടിനെക്കുറിച്ച് സർക്കാർ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഇ ശ്രീധരനും ഐഐടി പ്രതിനിധികളുമായി ചർച്ച നടത്തും. അതിനു ശേഷം മാത്രമായിരിക്കും പാലം പൊളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു.