എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നടപടികൾ ശക്തമാക്കി വിജിലൻസ്. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലവരെയും കേസിൽ പ്രതി ചേർത്തു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാ കുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. രാജേഷ് തുടങ്ങിയവരെയാണ് പ്രതി ചേർത്തത്. കിറ്റ് കോയുടെ ഉദ്യോഗസ്ഥരായ എൻജിനീയർ എ.എച്ച്. ഭാമ, കൺസൽട്ടൻ്റ് ജി. സന്തോഷ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 17 ആയി.
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പേരെ വിജിലൻസ് പ്രതി ചേർത്തത്. വ്യവസായ സെക്രട്ടറിയും റോഡ് ആന്‍റ് ബ്രിഡ്‌ജസ് കോർപ്പറേഷൻ മുൻ എംഡിയുമായ മുഹമ്മദ് ഹനീഷ് ഐഎഎസ്സിനെയും പ്രതി ചേർത്തിരുന്നു. പാലം രൂപകല്‍പന ചെയ്ത നാഗേഷ് കൺസൾട്ടൻസി ഡയറക്ടർ വി.വി നാഗേഷിനെ വ്യാഴാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അഞ്ചാം പ്രതിയും മുൻ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിനെ ചിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറോട് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ വ്യാഴാഴ്ച തന്നെ കോടതി നിർദേശിച്ചിരുന്നു.