കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികൾ ഊര്‍ജിതമായി. ഇബ്രാഹിം കുഞ്ഞിനെ വിചാരണ ചെയ്യാന്‍ അനുമതി തേടിയുള്ള വിജിലന്‍സിന്‍റെ കത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നിര്‍ണായക നീക്കങ്ങളാണ് ഗവര്‍ണർ നടത്തിയത്. വിജിലന്‍സ് ഡയറക്ടറേയും ഐജിയേയും വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള തെളിവുകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശവും തേടിയിട്ടുണ്ട്. കൂടിക്കാഴ്ച്ചക്കായി എജിയോട് രാജ് ഭവനില്‍ നേരിട്ടെത്താനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കൂടിക്കാഴ്ച്ചക്ക് ശേഷം ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം ഇബ്രാഹിംകുഞ്ഞിന് ഏറെ നിര്‍ണായകമാണ്. പാലം അഴിമതിയില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ട വിജിലന്‍സിന് ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെ കുറ്റവിചാരണ ചെയ്യാന്‍ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ പ്രകാരം ഗവര്‍ണറുടെ അനുമതി വേണം. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടി നേരത്തെ കത്തയച്ചത്. അതേസമയം എഫ്ഐആറില്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ള ആര്‍ബിഡിസികെ മുന്‍ എംഡി എ.പി.എം മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചതായാണ് വിവരം.