എറണാകുളം: പാലാരിവട്ടം പാലം അഴിമതിയിൽ തന്നെ പ്രതി ചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎൽഎ. സിപിഎം നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് തന്നെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. എറണാകുളത്തെ സിപിഎം നേതാക്കളുടെ താല്‍പര്യമാണിതിന് പിന്നിൽ. കളമശേരിയിലെ നിയമസഭാ സീറ്റാണ് അവർ ലക്ഷ്യം വെക്കുന്നത്. ഒരു തവണ പോലും ജയിക്കാത്തവരും സീറ്റ് ലഭിക്കാത്തവരുമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്. ഒരു സീറ്റിന് വേണ്ടി തന്നെ പ്രതിചേർക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ പാർട്ടിക്കാർ നിർദേശിക്കുന്നത് അനുസരിച്ച് വിജിലൻസ് പ്രവർത്തിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല, ദൗർഭാഗ്യകരമായ നടപടിയാണിത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നീതിയുക്തമായ നിലപാടാണ് സീകരിച്ചത്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് തന്‍റെ വസതിയിൽനടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രതി ചേർത്തതിനെ തുടർന്നുള്ള സ്വാഭാവിക നടപടി മാത്രമായിരുന്നു പരിശോധന. പാർട്ടിയും മുന്നണിയും കൂടെയുണ്ട്. 500ഓളം പാലങ്ങളാണ് തന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിർമിച്ചത്. ഇതിൽ ഒരു പാലത്തിന് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. ഉത്തരവാദികളായവരെ ശിക്ഷിക്കണം. തനിക്ക് ഈ അഴിമതിയിൽ പങ്കില്ലന്നും ഇബ്രാഹിം കുഞ്ഞ് ആവർത്തിച്ചു.