എറണാകുളം: പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറാണ് പാലം തുറന്നത് നൽകിയത്. ആദ്യ യാത്രക്കാരനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പാലത്തിലൂടെ യാത്ര ചെയ്തു. ഇ.ശ്രീധരനും ഡിഎംആർസി, ഊരാളുങ്കൽ സൊസൈറ്റി എന്നീ കൂട്ടായ്‌മകള്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. ഈ കൂട്ടായ്മയുടെ വിജയമാണ് പാലം വേഗത്തിൽ പൂർത്തിയാക്കാനായതെന്നും ജി.സുധാകരൻ പറഞ്ഞു.
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. പാലം ഗതാഗതത്തിനായി തുറന്ന് നൽകിയത് സര്‍ക്കാരിന്‍റേയും നാടിന്‍റേയും വിജയമാണെന്ന് പൊതു മരാമത്ത് മന്ത്രി വ്യക്തമാക്കി. പാലം പൊളിച്ചു പണിയുന്നതിനെ ഹൈക്കോടതി എതിർത്തതോടെ ഒൻപത് മാസം നിർമാണ ജോലികൾ വൈകി. ഇല്ലെങ്കിൽ ഒരു വർഷം മുൻപ് തന്നെ പുനർനിർമാണം പൂർത്തിയാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിർമിച്ച ആദ്യ പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് ഐഐടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ, ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ ഡിഎംആർസി എന്നിവർ നടത്തിയ പരിശോധനയെ തുടർന്ന് പാലം പൊളിച്ച് പണിയാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനെതിരെ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ നിയമ പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. ഒടുവിൽ പാലം പൊളിച്ച് പണിയാൻ സുപ്രീം കോടതി അനുമതി നൽകുകയായിരന്നു. 22.68 കോടിയാണ് പുനർനിർമാണ ചെലവ്. എട്ട് മാസം കാലയളവ് സമയം നിശ്ചയിച്ചിരുന്നെങ്കിലും ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റി റെക്കോർഡ് വേഗത്തിൽ അഞ്ച് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുകയായിരുന്നു. ഭാര പരിശോധനയും ഡിഎംആർസിയുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് പാലം ഗതാഗതത്തിനായി തുറന്ന് നൽകിയത്. അതേസമയം ആദ്യ പാലം നിർമാണത്തിലെ ക്രമക്കേടിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.