എറണാകുളം: ചേലാട് കതിർ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ തരിശ് ഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. ചേലാട്, നാടോടിയിലാണ് വർഷങ്ങളായി തരിശ് കിടന്നിരുന്ന രണ്ടരയേക്കർ സ്ഥലത്ത് കതിർക്കൂട്ടായ്മ നെൽകൃഷി നടത്തിയത്. പാട്ടത്തിനെടുത്ത സ്ഥലത്ത് ദിവസങ്ങൾ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിലാണ് കാടുപിടിച്ചു കിടന്ന സ്ഥലം കൃഷി യോഗ്യമാക്കിയത്.
വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്തിരുന്ന എൽദോസ് തുടുമ്മേൽ, ജോയി മരട്ടിക്കാട്ട്, എൽദോസ് കോച്ചറക്കാട്ട്, ബെന്നി പുതുക്കയിൽ എന്നിവർ ലോക്ക് ഡൗൺ സമയത്താണ് കതിർ കൂട്ടായ്മ രൂപീകരിച്ച് കൃഷി ആരംഭിച്ചത്. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ വിൽസൺ കൊച്ചു പറമ്പിൽ, ലത ഷാജി, ജിൻസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂറുമേനി വിളവ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നെൽകൃഷി തുടരാനാണ് താത്പര്യമെന്നും സംഘാടകർ പറഞ്ഞു.