എറണാകുളം: കോതമംഗലം - പച്ചക്കറി വികസന പദ്ധതി പ്രകാരം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടപ്പിലാക്കിയ സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. 20 സെന്റ് സ്ഥലത്തും ടെറസിലുമായി പയർ, പാവൽ, വെണ്ട, തക്കാളി, വഴുതന, ചീര, പച്ചമുളക് , കോളി ഫ്ലവർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിട്ടുള്ളത്. ഇരുപത് പേർ അടങ്ങിയ കാർഷിക ക്ലബ് വിദ്യാർഥികള്‍ക്കാണ് കൃഷിയുടെ മേല്‍നോട്ടം. സിസ്റ്റർ ഗ്ലാഡിസ് മരിയയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഒഴിവു സമയങ്ങളിൽ കർഷകരായത്. ജൈവളങ്ങളും കീടരോഗ നിയന്ത്രണത്തിനായി സ്യൂഡോമോണാസ്, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവയും ഉപയോഗിച്ചുവരുന്നു.
കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്യൂഡോമോണാസ് ലായനി ഉപയോഗിച്ച് വിത്തു പരിചരണം നടത്തി ചെറിയ ട്രേകളിൽ മുളപ്പിച്ച തൈകൾ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. മണ്ണിര കമ്പോസ്റ്റിന്റെ ഒരു ഉൽപ്പാദന യൂണിറ്റും സ്കൂളിലുണ്ട്. കൃഷി വകുപ്പ് സ്‌കൂളുകളിൽ നടപ്പിലാക്കിയ പദ്ധതി ശോഭന സ്‌കൂളിൽ പൂർണ വിജയമായിരുന്നുവെന്ന് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു വി.പി പറഞ്ഞു.
പദ്ധതിക്കു വേണ്ടി എല്ലാ സാങ്കേതിക സഹായവും നൽകിയത് കോതമംഗലം കൃഷിഭവൻ ഉദ്യോഗസ്ഥരായ സീനത്ത് ബീവിയും, ഇ.പി സാജുവുമാണ്. പ്രതീക്ഷിച്ചതിലുമധികം വിളവും, കുട്ടികളുടെ കൃഷിയോടുള്ള താൽപര്യവും, കൃഷി ഉദ്യോഗസ്ഥരുടെ പിന്തുണയും മുൻനിർത്തി കൃഷി തുടരുമെന്ന് സ്കൂൾ പച്ചക്കറി ചുമതലയുള്ള സിസ്റ്റർ ഗ്ലാഡിസ് മറിയ അറിയിച്ചു.