എറണാകുളം : മാറ്റിവച്ച ഹൃദയവുമായി ജീവിതത്തിൽ ഒരു പതിറ്റാണ്ട് പിന്നിട്ട് സാധാരണ ജീവിതം നയിക്കുകയാണ് പിറവം സ്വദേശി ശ്രുതി. കോട്ടയം സ്വദേശി ലാലിച്ചന്‍റെ ഹൃദയം ശ്രുതിയില്‍ മിടിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാറ്റിവച്ച ഹൃദയവുമായി ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്നയാളായി ശ്രുതി മാറി.
ഈയൊരു വേളയിലാണ് ശ്രുതിയും ഹൃദയ ദാതാവിന്‍റെ ബന്ധുക്കളും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ജോസ് ചാക്കോ പെരിയപുറവും എറണാകുളം ലിസി ആശുപത്രിയിൽ ഒത്തുകൂടിയത്. നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ശ്രുതി ഇടിവി ഭാരതിനോട് പറഞ്ഞു. കൃത്യമായി ഓരോ മാസവും ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്. വീടിനടുത്തുതന്നെയുള്ള സ്ഥാപനത്തിൽ ബ്യൂട്ടീഷ്യനായാണ് ജോലി ചെയ്‌തുവരുന്നത്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മുമ്പ് ഏറെ ബുദ്ധിമുട്ടിലായിരുന്നു കഴിഞ്ഞത്. ശ്വാസതടസം, കിതപ്പ്, ഉറക്കമില്ലായ്‌മ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓരോ ദിവസവും ശാരീരിക അസ്വാസ്ഥ്യങ്ങളിലൂടെ കടന്ന് പോകുമ്പോൾ ഇതെല്ലാം മാറണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്നും ശ്രുതി ഓർത്തെടുത്തു.
ആദ്യം പതിനേഴാം വയസിലാണ് ഹൃദ്രോഗ പ്രശ്‌നമുണ്ടായത്. അന്ന് ആൻജിയോപ്ലാസ്റ്റി ചെയ്‌തിരുന്നു. അതിന് ശേഷം വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെയാണ് ജോസ് ചാക്കോ പെരിയപുറം ഹൃദയം മറ്റിവയ്ക്കൽ മാത്രമാണ് ഏക പരിഹാരമെന്ന് നിർദേശിച്ചത്.
കേട്ടപ്പോൾ തന്നെ അത് വലിയ ആശങ്കയായിരുന്നു. എല്ലാവരും പിന്തുണ നൽകിയതോടെയാണ് ഓപ്പറേഷന് സമ്മതിച്ചതെന്നും ശ്രുതി വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളില്ലാതെ പത്ത് വർഷം പൂർത്തിയാക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. തുടർന്നും ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്.
ജീവിതത്തിൽ വലിയ നിയന്ത്രണങ്ങളൊന്നും ഡോക്‌ടർ നിർദേശിച്ചിട്ടില്ല. അതേസമയം ആൾക്കൂട്ടങ്ങളിൽ നിന്നും രോഗികളിൽ നിന്നും വിട്ടുനിൽക്കാറുണ്ട്. അത്യാവശ്യം ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളിൽ വീഴ്‌ച വരുത്താറില്ലെന്നും ശ്രുതി പറഞ്ഞു. ശ്രുതിയുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ഹൃദയ ദാതാവ് ലാലിച്ചന്‍റെ സഹോദരി എൽസമ്മയുൾപ്പടെയുള്ള ബന്ധുക്കൾ എത്തിയത് ഇരട്ടി മധുരമായി.
ശ്രുതിയുടെ ഇട നെഞ്ചിലേക്ക് കാതുകൾ ചേർത്ത് വച്ച് എൽസമ്മ തന്‍റെ സഹോദരന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്‌ദം ഒരിക്കൽ കൂടി കേട്ടു. പത്ത് വര്‍ഷം മുന്‍പ് ലോക അവയവദാന ദിനമായ ഓഗസ്‌റ്റ് പതിമൂന്നിനാണ്, മസ്‌തിഷ്‌ക മരണം സംഭവിച്ച ലാലിച്ചന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന വലിയ തീരുമാനം ആ കുടുംബം എടുത്തത്. ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശംസകള്‍ നേരാന്‍ പ്രശസ്‌ത സിനിമാതാരം അന്ന ബെന്‍ എത്തിയിരുന്നു.
നാം വാക്കുകളിലൂടെ മാത്രം പറയുന്ന നന്മ ജീവിതത്തില്‍ പകര്‍ത്തുകയും അവയവദാനമെന്ന മഹത്തായ കര്‍മ്മത്തിന് തീരുമാനമെടുക്കുകയും ചെയ്‌ത ലാലിച്ചന്‍റെ കുടുംബത്തിന് ആദരവ് അറിയിക്കുന്നുവെന്ന് അന്ന ബെന്‍ പറഞ്ഞു. അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തമുള്ള ഒരു ജനസമൂഹത്തിന് ചേരുന്നതല്ലെന്നും അന്ന ബെന്‍ കൂട്ടിച്ചേർത്തു.
വലിയ നഷ്‌ടത്തിനിടയിലും അവയവം ദാനം ചെയ്യാൻ തയ്യാറാവുന്ന ബന്ധുക്കളുടെ ത്യാഗത്തെ നമ്മൾ മനസിലാക്കണമെന്ന് പത്ത് വർഷം മുൻപ് ശ്രുതിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ ഓർമിപ്പിച്ചു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം കേക്ക് മുറിച്ചും ശ്രുതിക്ക് ആയുരാരോഗ്യം നേർന്നുമാണ് ശ്രദ്ധേയമാക്കിയത്.
2013 ഓഗസ്റ്റ് 13-നായിരുന്നു പിറവം, ആരക്കുന്നം, കടപ്പുത്ത് വീട്ടില്‍ ശശീന്ദ്രന്‍റെയും ശാന്തയുടെയും മകളായ ശ്രുതിക്ക് 24-ാം വയസിൽ ഹൃദയം മാറ്റിവച്ചത്. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു ഈ യുവതിയുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്. രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു ഡിസീസും ശ്രുതിക്കുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ശ്രുതിക്ക് ജന്മനാ ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു വ്യക്തിയില്‍ വിജയകരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. 2013 ഓഗസ്റ്റ് 13-നാണ് കോട്ടയം വാഴപ്പിള്ളി സ്വദേശി തൈപ്പറമ്പില്‍ ജോസഫ് മാത്യുവിന് (ലാലിച്ചന്‍) മസ്‌തിഷ്‌ക മരണം സംഭവിച്ചത്. ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായതിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേവലം ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് കോട്ടയത്ത് നിന്ന് പൊലീസ് അകമ്പടിയോടെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചത്.
ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. വൈകാതെ തന്നെ ശ്രുതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഒരു നാടാകെ കൈ കോർത്ത് ഒരു ജീവന് വേണ്ടി അണിനിരന്ന സംഭവം അന്ന് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.