എറണാകുളം : എക്‌സാ ലോജിക്കിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്താകുമെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ (V D Satheesan on Exa logic). മുൻ അനുഭവങ്ങൾ വച്ച് നീതി പൂർവമായ ഒരു അന്വേഷണം നടക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്നത്തേയും പോലെ അവസാനിക്കുമോ എന്ന് ഭയപ്പെടുന്നു(Central agencies). കരുവന്നൂർ ഇ ഡി അന്വേഷണം എവിടെ പോയെന്നും, ധാരണയിലേക്ക് സിപിഎമ്മും ബിജെപിയും പോകുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സിപിഎമ്മും സംഘപരിവാറും തമ്മിൽ അവിഹിത ബന്ധം ഉണ്ട് (CPM - Sangh pariwar relations). തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ലാവലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിൽ ഒത്തുതീർപ്പുകൾ പലതും നടന്നു.
സംഘപരിവാറും സിപിഎമ്മും പല കാര്യങ്ങളിലും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. പ്രതിപക്ഷ നേതാക്കൾ വാങ്ങിയതിന്‍റെ കണക്ക് പാർട്ടിയിൽ ഉണ്ട് .എന്നാൽ മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയത് ആ രീതിയിലല്ല. ചെയ്യാത്ത ജോലിക്ക് എന്തിനാണ് പണം കൈപ്പറ്റിയതെന്നും വി.ഡി.സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഇത്രയും വലിയ ആരോപണം ഉണ്ടായിട്ടും സിപിഎം ചർച്ച ചെയ്തോ?. സ്‌തുതിപാഠകരാണ് പാർട്ടിയിൽ ഇപ്പോഴുള്ളത്. സിപിഎം ജീർണതയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. എംടിയുടെ വാക്കുകൾ മുന്നറിയിപ്പായി കാണണം. ബംഗാളിൽ മഹാശ്വേതാദേവിയും ഇതേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വി.ഡി.സതീശൻ ഓർമിപ്പിച്ചു.
കേരളത്തിൽ ഇതുവരെ കാണാത്ത പൊലീസ് മർദ്ദനമാണ് യൂത്ത് കോൺഗ്രസിനെതിരെ നടക്കുന്നത്. കണ്ണൂരിൽ പെൺകുട്ടികൾക്കടക്കം ക്രൂര മർദ്ദനമേറ്റു. ഇതിനെ രാഷ്ട്രീമായും നിയമപരമായും നേരിടും. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ചില പൊലീസുകാർ കാണിക്കുന്നത്. പ്രതിഷേധ സമരങ്ങളോടുള്ള പൊലീസിന്‍റെ സമീപനം പ്രതിഷേധാർഹമാണ്.
പൊലീസുകാർ കാണിക്കുന്ന ഈ പ്രവർത്തനങ്ങളെ കുറിച്ച് ഡിജിപി വല്ലതും അറിയുന്നുണ്ടോ?. നട്ടെല്ല് ഇല്ലാത്ത ഇതുപോലത്തെ ഒരു ഡി ജി പി യെ കേരളം കണ്ടിട്ടുണ്ടോയെന്നും വി.ഡി.സതീശൻ ചോദിച്ചു. സർക്കാരിനെയും പൊലീസ് ഏമാൻമാരേയും സുഖിപ്പിക്കാൻ ആണ് ഇതെങ്കില്‍ അത്തരം പൊലീസുകാർക്ക് മുന്നറിയിപ്പ് നൽകുന്നു.
Also Read: വീണ്ടും കുരുക്കില്‍പ്പെട്ട് എക്‌സാലോജിക്; അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
കോടതിയെയും ബന്ധപ്പെട്ട ഏജൻസികളെയും ഞങ്ങൾ സമീപിക്കും. ഇതുവരെയും ചെയ്യാത്ത കാര്യങ്ങൾ ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല.സമരങ്ങൾ തുടരുമെന്നും എല്ലാ ശക്തിയും എടുത്ത് ആഞ്ഞടിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നവ കേരള സദസ്സിൽ പ്രതിപക്ഷത്തെ അപഹസിക്കാൻ വേണ്ടി മാത്രമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വാ തുറന്നത്. ഇപ്പോൾ അദ്ദേഹത്തിന്‍റെ നാവ് ഉപ്പിലിട്ടോ എന്ന് ചോദിക്കേണ്ടിവരുമെന്നും വി.ഡി.സതീശൻ പരിഹസിച്ചു.