എറണാകുളം: കളമശ്ശേരിയിൽ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ നഗരസഭ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ. വിഷയം ചർച്ച ചെയ്യാൻ നഗരസഭ കൗൺസിൽ യോഗം ചേർന്നു. മുസ്‌ലിം ലീഗുകാരനായ പ്രതിയെ രക്ഷപ്പെടാൻ നഗരസഭ സഹായം ചെയ്യുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നഗരസഭ ചെയർപേഴ്‌സണും, ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനും രാജിവയ്‌ക്കണമെന്ന് എൽഡിഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ശക്തമായ വാക്കേറ്റത്തിനും ബഹളത്തിനും നഗരസഭ കൗൺസിൽ യോഗം സാക്ഷിയായി.
രാഷ്ട്രീയ ആരോപണമാണ് ഇടതു മുന്നണി കൗൺസിലർമാർ ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. ദ്രുതഗതിയിൽ നടപടി സ്വീകരിച്ചുവെന്നും അവർ വ്യക്തമാക്കി. അതേസമയം കളമശ്ശേരി നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.
യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണപക്ഷം സമ്പൂർണ്ണ പരാജയമാണെന്ന് തെളിയിക്കുന്നതാണ് പഴകിയ ഇറച്ചി പിടികൂടിയ സംഭവമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എആർ രഞ്ജിത്ത് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. പഴകിയ ഇറച്ചി പിടികൂടിയ സംഭവം ഒതുക്കി തീർക്കുന്നതിനാണ് നഗരസഭ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ച (12.01.2023) നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലാണ് അഴുകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസറുകളിൽ സൂക്ഷിച്ച മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടായിരുന്നു. നാളുകളായി വൃത്തിഹീനമായ സാഹചര്യത്തിൽ ഇവിടെ ഇറച്ചി സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി നാട്ടുകാരാണ് നഗരസഭയെ അറിയിച്ചത്.
ഇറച്ചി സൂക്ഷിച്ച് വിപണനം ചെയ്യുന്നതിനായി വാടകക്ക് എടുത്തതായിരുന്നു ഈ വീട്. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉൾപ്പടെയുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ എത്തിച്ചതാണ് അഴുകിയ ഇറച്ചിയെന്നാണ് കരുതുന്നത്. ഗുണനിലവാരമില്ലാത്ത ഇറച്ചി കുറഞ്ഞ വിലയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് ഹോട്ടലുകളിൽ വിതരണം ചെയ്‌ത് ലാഭം നേടുകയായിരുന്നു നടത്തിപ്പുകാർ.
നല്ല ഇറച്ചിയോടൊപ്പം ചേർത്ത് ഷവർമ ഉൾപ്പടെയുള്ള ഇനങ്ങൾക്ക് ആവശ്യമായ രീതിയിലാണ് ഇറച്ചി ഇവിടെ നിന്നും വിൽപ്പന നടത്തിയിരുന്നത്. ഇവ പാകം ചെയ്യുന്നതിനുള്ള 150 ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നതിന് മുമ്പ് തന്നെ നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശിയായ ജുനൈസ് എന്നയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതര സംസ്ഥാനക്കാരായിരുന്നു ഇവിടെ ജോലി ചെയ്‌തിരുന്നത്. ഇറച്ചി വിപണനം നടത്തുന്നതിന് ആവശ്യമായ അനുമതിയില്ലാതെയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഇറച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്ക്കരണ പ്ലാന്‍റിൽ എത്തിച്ച് നശിപ്പിച്ചിരുന്നു.