എറണാകുളം: സംസ്ഥാനത്ത് 175 വിദേശ മദ്യഷോപ്പുകൾ കൂടി തുടങ്ങാൻ അനുമതി തേടി ബിവറേജസ് കോർപ്പറേഷൻ (Beverages Corporation) നൽകിയ കത്ത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശ മദ്യഷോപ്പുകളെ ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന വാക്ക്-ഇൻ ഷോപ്പുകളാക്കി മാറ്റാൻ 96 ബെവ്കോ (BEVCO) ഔട്ട്ലെറ്റുകളിലും, കൺസ്യൂമർ ഫെഡിന്റെ 30 ഔട്ട്ലെറ്റുകളിൽ സൗകര്യം ഒരുക്കിയെന്നും എക്സൈസ് കമ്മിഷണർ റിപ്പോർട്ട് നൽകി.
മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്താൽ ഇവിടെ വിദേശമദ്യ ഷോപ്പുകളുടെ എണ്ണം വളരെ കുറവാണെന്നും എണ്ണം കൂട്ടണമെന്നും വ്യക്തമാക്കി ബെവ്കോ എം.ഡി സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടിയാൽ തിരക്കു കുറക്കാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. ഇപ്പോഴും ചില ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഉണ്ട്.
Also Read: സംസ്ഥാനത്ത് 6409 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു, 47 മരണം
സ്ത്രീകളെയും കുട്ടികളെയുമാണ് ഇതു ബാധിക്കുന്നത്. ബെവ്കോ ഔട്ട്ലെറ്റുകളിലെ നീണ്ട ക്യൂ കുട്ടികളെ സ്വാധീനിക്കുമെന്ന് രക്ഷിതാക്കളുടെ ആശങ്കയും കാണാതിരിക്കാനാവില്ല. കോടതി ഇടപെടൽ നിമിത്തം ചില പുരോഗതി വന്നിട്ടുണ്ടെങ്കിലും സാഹചര്യം പൂർണമായും തൃപ്തികരമല്ല.
തുടർ നടപടികൾ അറിയിക്കണം. ബെവ്കോ ഔട്ട്ലെറ്റുകളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയത്. ഹർജി നവംബർ 23 നു വീണ്ടും പരിഗണിക്കും.