കൊച്ചി: ഓണം പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ കച്ചവടം കുറഞ്ഞ ആശങ്കയിലാണ് കൊച്ചി നഗരത്തിലെ വ്യാപാരികൾ. കഴിഞ്ഞവർഷത്തെ ഓണവിപണി പ്രളയം കൊണ്ടുപോയപ്പോൾ ഇക്കുറി ഉണ്ടായ മഴക്കെടുതി കച്ചവടത്തെ സാരമായി ബാധിച്ചു. സാധാരണ ഓണവിപണിയില്‍ ഉണ്ടാകേണ്ട കച്ചവടം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
കഴിഞ്ഞകൊല്ലം ഓണാഘോഷം മഹാപ്രളയത്തെ തുടർന്ന് നാമമാത്രമായിരുന്നു. അതിനെ മറികടക്കാൻ ഇത്തവണത്തെ ഓണം ഫലപ്രദമാകുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ ഇതുവരെയും ഓണവിപണി സജീവമാകാത്തതിന്റെ ആശങ്കയിൽ തന്നെയാണ് വ്യാപാരികൾ. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയാണെങ്കിലും വരും ദിവസങ്ങളിൽ ഓണവിപണി ചൂടുപിടിക്കുമെന്ന് തന്നെയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഓണക്കാലം ആകുന്നതോടെ ഏറ്റവും വിറ്റുവരവുള്ള പ്രധാനപ്പെട്ട ഇനങ്ങളാണ് ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി തുടങ്ങിയവ. മലയാളികളുടെ ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്തവയാണിവ. എന്നാൽ മുൻവർഷങ്ങളിലെ അപേക്ഷിച്ച് ഇവയുടെയും കച്ചവടം കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.