എറണാകുളം: പ്രശസ്‌ത എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിൽ മകനോടൊപ്പമായിരുന്നു താമസം. സംസ്ക്കാരം ഇന്ന് വൈകിട്ട് തൃപ്പൂണിത്തുറയിൽ നടക്കും (Novelist K B Sreedevi Passes Away).
കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ മലയാള സാഹിത്യത്തിന് വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ അനുഗ്രഹീത എഴുത്തുകാരിയായിരുന്നു കെ ബി ശ്രീദേവി. പതിമൂന്നാം വയസ്സിലാണ് ആദ്യമായി കഥ എഴുതിയത്.
യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചിൽ, കുട്ടിത്തിരുമേനി എന്നിവയാണ് കെ ബി ശ്രീദേവിയുടെ പ്രധാന കൃതികൾ. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ഭ്രഷ്‌ട് എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട കൃതിയാണ് യജ്ഞം. അന്നത്തെ നമ്പൂതിരി സമുദായത്തിലെ ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് ഈ നോവൽ ചർച്ച ചെയ്‌തത്. കുട്ടിത്തിരുമേനി, കോമൺ വെൽത്ത് കൃഷ്‌ണാവതാരം, പടുമുള, ചിരഞ്ജീവി തുടങ്ങിയവ ശ്രീദേവിയുടെ ശ്രദ്ധേയമായ ചെറുകഥകളാണ്. ഭാഗവതപര്യടനം, ജ്ഞാനപ്പാന വ്യാഖ്യാനം, പ്രാചീന ഗുരുകുലങ്ങൾ എന്നിവയാണ് അവരുടെ പ്രബന്ധങ്ങൾ.
സാഹിത്യ അക്കാദമി അവാർഡ്, നാലപ്പാടൻ നാരായണ മേനോൻ അവാർഡ്, വി ടി അവാർഡ്, ജ്ഞാനപ്പാന അവാർഡ്, അമൃതകീർത്തി പുരസ്‌കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും കെ ബി ശ്രീദേവി നേടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ വാണിയമ്പലത്ത് പ്രശസ്‌ത വൈദിക കുടുംബമായ വെള്ളക്കാട്ട് മനയിലെ ഗൗരി അന്തര്‍ജനത്തിന്‍റെയും നാരായണന്‍ ഭട്ടതിരിപ്പാടിന്‍റെയും മകളായി 1940 മെയ് 1 നായിരുന്നു ശ്രീദേവിയുടെ ജനനം. വണ്ടൂർ വി എം സി. ഹൈസ്‌കൂൾ, തൃപ്പൂണിത്തുറ ഗേൾസ് ഹൈസ്‌കൂൾ, വരവൂർ സർക്കാർ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനാറാം വയസ്സിലാണ് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടുമായി വിവാഹം നടന്നത്. ഉണ്ണി, ലത, നാരായണൻ എന്നിവർ മക്കളാണ്.