എറണാകുളം: വിശ്വപ്രസിദ്ധമായ കലാരൂപമാണ് പാവകളി. തോല്‍പ്പാവകളുടെ നിഴലാട്ടത്തിലൂടെ പ്രാചീന കഥകളുടെ കല്‍പ്പനയും ഉണ്മയും തിരശീലയിൽ മിന്നിമറയുന്ന അത്ഭുതം. മീശമാധവൻ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് നിഴൽ പാവക്കൂത്ത്.
കേരളത്തിൽ ഈ കലാരൂപം അന്യം നിന്ന് പോകാതിരിക്കാനുള്ള പോരാട്ടത്തിലാണ് ഒരു കലാകാരൻ. അധ്യാപന തൊഴിൽ വേണ്ടെന്ന് വച്ച് കലയുടെ വഴിയെ സഞ്ചരിക്കുന്ന രാജീവ് പുലവൂർ. സ്ക്രീനിന്‍റെ മുന്നിൽ കാണുന്ന ഈ ദൃശ്യവിസ്‌മയം പ്രേക്ഷകനും മുന്നിൽ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് ഇദ്ദേഹം പറയുന്നു. കർട്ടന്‍റെ പിന്നിൽ കഥയുടെ ശബ്‌ദവഴിയിൽ പാവകൾ കൃത്യമായി പ്രേക്ഷകരോട് സംവദിക്കണം. അതിന് മാസങ്ങളോളം പരിശ്രമം അത്യാവശ്യമെന്ന് രാജീവ് പുലവൂർ പറഞ്ഞുവയ്‌ക്കുന്നു.
മനുഷ്യന്‍റെ ഉൽപത്തിയുടെ കാലം മുതൽ പ്രചാരത്തിലുള്ള കലാരൂപമാണ് നിഴൽ പാവക്കൂത്ത്. കേരളത്തിൽ ഈ കലാരൂപം അന്യം നിന്ന് പോകാതെ പോരാടി നിലനിർത്തുകയാണ് രാജീവ് പുലവൂർ. നിഴൽ പാവക്കൂത്തിന്‍റെ ഒരു വേദിയിലേക്ക് ഇ ടി വി ഭാരത് സംഘം ക്ഷണം സ്വീകരിച്ച് എത്തുമ്പോൾ തിരശീലയിൽ ആശാന്‍റെ ചണ്ഡാലഭിക്ഷുകി ഒരുങ്ങുകയാണ്.
ഏകദേശം എട്ടോളം കലാകാരന്മാർ അൻപതോളം പാവകളുമായി ഒരു ചെറിയ ബോക്‌സിനുള്ളിൽ ഒതുങ്ങി നിൽക്കുന്നു. കോട്ടൺ തുണി വലിച്ചു കെട്ടിയ ഒരു തിരശീല മുന്നിൽ കാണാം. ബോക്‌സിനുള്ളിൽ നിന്നും പ്രകാശവും നിഴലും കോട്ടൺ തുണിയിലൂടെ കടന്നുവരത്തക്ക രീതിയിൽ എണ്ണ വിളക്കുകൾ കത്തിനിൽക്കുന്നു. ആധുനിക കാലത്ത് ബാക്ക് പ്രൊജക്ഷൻ പോലുള്ള നൂതന സാങ്കേതിക വിദ്യയാണ് നിഴൽ പാവക്കൂത്തിൽ പ്രേക്ഷകർക്ക് കാഴ്‌ച മിഴിവേകുന്നത്.
കേരളത്തിന്‍റെ ചരിത്രവും വിഖ്യാത സാഹിത്യകാരന്മാരുടെ സൃഷ്‌ടികളുമാണ് പൊതുവേ ഇപ്പോൾ പാവക്കൂത്തിന് ആധാരം. എന്നാൽ പാവക്കൂത്ത് മലയാള മണ്ണിൽ കാലുകുത്തുന്നതിന് ഒരു ചരിത്രമുണ്ട് പുരാണത്തിൽ. ദാരികനും ദുർഗാദേവിയും ആയുള്ള അതിഭീകര യുദ്ധം. അതേസമയം തന്നെയാണ് രാമ - രാവണ യുദ്ധവും അരങ്ങേറുന്നത്. ദുഷ്‌ടൻ എന്ന് മുദ്രകുത്തപ്പെട്ട രാവണനെ രാമൻ വധിച്ച വീര നിമിഷം ദേവിക്ക് ദർശിക്കാൻ ആകാതെ പോയി.
രാമ രാവണ പോരാട്ടങ്ങളുടെ നേർ ചിത്രം (രാമായണം) ദുർഗാ ദേവിക്കായി അവതരിപ്പിച്ച കലാരൂപം എന്ന ഖ്യാതിയാണ് പിൽക്കാലത്ത് നൂൽപാവക്കൂത്തിന്‍റെ അടിസ്ഥാനം. രാമായണ കഥ പൊതുവേ ദേവീക്ഷേത്രങ്ങളിൽ മണിക്കൂറുകൾ നീളുന്ന കഥ പറച്ചിലിലൂടെയാണ് അവതരിപ്പിക്കാറുള്ളത്. ജൂൺ മാസം തുടങ്ങി അടുത്ത വർഷം മെയ് വരെ ഒരു കൊല്ലക്കാലം പല ദേവി ക്ഷേത്രങ്ങളിൽ ഈ കലാരൂപം അരങ്ങേറും.
പുതിയകാലത്ത് മനുഷ്യന്‍റെ സമയത്തിന് വിലപറയാനാകില്ലല്ലോ. അതുകൊണ്ടുതന്നെ രാമായണത്തിൽ നിന്നും മാറി മഹാകാവ്യങ്ങളിലേക്ക് നൂൽ പാവക്കൂത്തിന്‍റെ ആശയങ്ങൾ കടം കൊണ്ടു. ഒരു മണിക്കൂറിൽ ഒതുങ്ങുന്ന രീതിയിൽ മഹാകാവ്യങ്ങളിലെ ഒരു പ്രത്യേക ഭാഗം മാത്രം കഥാതന്തുവായി ഒതുക്കി.
നൂൽപ്പാവക്കൂത്തിലെ പാവകൾ ഉണ്ടാക്കുന്നത് ആദ്യകാലങ്ങളിൽ മാനിന്‍റെ തൊലി കൊണ്ടായിരുന്നു. പ്രകാശം കടന്നുപോകത്തക്കെ രീതിയിൽ വേണം പാവകൾ നിർമ്മിച്ചെടുക്കാൻ. പിന്നീട് ആട്, കാള തുടങ്ങിയ മൃഗങ്ങളുടെ തോലും പ്ലാവ്, തേക്ക് തുടങ്ങിയ വൃക്ഷങ്ങളുടെ കാതലും പാവ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങി.
നിറം നൽകാൻ എണ്ണച്ചായങ്ങൾ ഉപയോഗിച്ചു. നൂൽപ്പാവക്കൂത്തിനായി പാവകൾ നിർമ്മിച്ചാൽ ആയിരം വർഷം വരെ ഇവ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത എന്ന് രാജീവ് പുലവൂർ പറഞ്ഞു. നിഴൽ പാവക്കൂത്തിന് പിന്നിലെ കാഴ്‌ചകൾ ഒരുപക്ഷേ പ്രേക്ഷകരിൽ പലരും കണ്ടിട്ടുണ്ടാകില്ല.
രംഗത്ത് തെളിയുന്ന വിഷ്വൽ എഫക്‌ട് കർപ്പൂര പൊടിയും തീയും ചേരുമ്പോൾ ഉണ്ടാകുന്ന തീവ്ര പ്രകാശത്തിലൂടെയാണ് സൃഷ്‌ടിക്കുന്നത്. കേരളത്തിന്‍റെ ചരിത്രം പറയുന്ന ഒരു പുതിയ ആശയവുമായി രാജീവ് പുലവൂർ ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും. കേരളത്തിന്‍റെ പരമ്പരാഗത തനത് കലാരൂപങ്ങൾ അന്യം നിന്ന് പോകാതെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്.