എറണാകുളം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞത് എറണാകുളത്തെ സ്വകാര്യബസ് മേഖലക്ക് തിരിച്ചടിയാകുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ ഇപ്പോഴുള്ള സര്‍വീസുകളും നിര്‍ത്തി വെക്കേണ്ടി വരുമെന്ന് ഉടമകളും ജീവനക്കാരും പറയുന്നു. വിരലില്‍ എണ്ണാവുന്ന ബസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്റ്റാന്‍ഡുകളില്‍ എത്തിയത്.
കലക്ഷനിലും കുറവുണ്ട്. നേരത്തെ 20,000 മുതല്‍ 10,000 രൂപ വരെ ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ 1500 മുതല്‍ 3000 രൂപ വരെ മാത്രമെ കലക്ഷന്‍ ലഭിക്കുന്നുള്ളൂവെന്ന് ജീവനക്കാർ പറയുന്നു. ഹ്രസ്വദൂര സര്‍വീസുകള്‍ക്കാണ് മോശമില്ലാത്ത കലക്ഷന്‍ ലഭിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന ഡീസല്‍ വില വര്‍ധനയും സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കയാണ്. ലോക്ക് ഡൗണ്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ ലീറ്ററിന് 11 രൂപ വരെ വില ഉയര്‍ന്നു.
പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ കുറവ് കാരണം കോതമംഗലം പ്രധാന ബസ് സ്റ്റാന്‍ഡില്‍ നിന്നും ഹൈറേഞ്ച് ഭാഗത്തേക്കുള്ള സർവീസ് കുറഞ്ഞു. നേരത്തെ അമ്പതോളം സര്‍വീസുകളാണ് ഉണ്ടായിരുന്നത്.
കൊവിഡ് കാലത്തെ നിരക്ക് വര്‍ദ്ധന പ്രയോജനപ്പെട്ടില്ലെന്നും ഈ മേഖലയിലുള്ളവര്‍ പരാതിപ്പെടുന്നു. ബാങ്ക് വായ്‌പ ഉള്‍പ്പെടെ കടമെടുത്ത് ബസിറക്കിയവര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. ഇന്ധനവിലയില്‍ സബ്‌സിഡിയും നികുതിയിളവും ഉള്‍പ്പെടെ കാര്യക്ഷമമായ പാക്കേജിലൂടെയല്ലാതെ മേഖലയെ രക്ഷിക്കാനാവില്ലെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഡീസലിനുള്ള വരുമാനം പോലും ലഭിക്കാതെ വന്നതോടെ പലരും ജി ഫോം നല്‍കി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബസ് ജീവനക്കാര്‍ക്ക് ഉടമ കയ്യില്‍ നിന്നാണ് ശമ്പളം നല്‍കുന്ന അവസ്ഥയും നിലവിലുണ്ട്.