എറണാകുളം: പെരുമ്പാവൂർ വെങ്ങോലക്ക് സമീപം പാത്തിപ്പാലത്ത് തമിഴ്‌നാട് സ്വദേശികളായ അമ്പതോളം തൊഴിലാളികൾ രണ്ട് ദിവസമായി ഭക്ഷണം കിട്ടാതെ വലയുന്നു. ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവർ താമസിക്കുന്ന ഇടങ്ങളില്‍ ഭക്ഷണം എത്തിക്കണം എന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ദിവസങ്ങളായി തൊഴിലാളികൾ പട്ടിണി കിടക്കുന്നത്. രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് അധികൃതർ ഒരു നേരത്തെ ഭക്ഷണം എത്തിച്ചതാണെന്നും പിന്നീട് ഭക്ഷണം കിട്ടിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചപ്പോൾ എല്ലാ ദിവസവും ഭക്ഷണം കൊടുക്കാൻ കഴിയില്ലെന്നും പഞ്ചായത്തിന് അതിനുള്ള ഫണ്ടില്ലെന്നുമുള്ള മറുപടിയാണ് പ്രസിഡന്‍റ് സ്വാതി റജികുമാറില്‍ നിന്നും ലഭിച്ചതെന്നും ഇവര്‍ ആരോപിച്ചു.