ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച്ഘടക കക്ഷികളുമായി കോൺഗ്രസ് നടത്തിയ പ്രാരംഭ ഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. മുസ്ലീംലീഗുമായും കേരള കോൺഗ്രസ് മാണി വിഭാഗവുമായും നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
രണ്ടാം സീറ്റ് ആവശ്യത്തിൽ കേരള കോണ്‍ഗ്രസും മൂന്നാം സീറ്റ് ആവശ്യത്തിൽ മുസ്ലീം ലീഗും വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് ചർച്ച വഴിമുട്ടിയത്. മുസ്ലീം ലീഗുമായായിരുന്നു ആദ്യ ചർച്ച. നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാന്നി സീറ്റുകൾക്ക് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യമാണ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ചക്കെത്തിയ സംഘം ആവശ്യപ്പെട്ടത്. വടകരയോ വയനാടോ ആണ് ലീഗ് ആഗ്രഹിക്കുന്നത്. എന്നാൽ രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കാനാകില്ലെന്നനിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ആവശ്യങ്ങളിൽ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി തുടർ ചർച്ചകള്‍ വേണമെന്നും ആവശ്യപ്പെട്ടു. മാർച്ച് ഒന്നിനായിരിക്കും കോണ്‍ഗ്രസ് നേതൃത്വവുമായി ലീഗിന്‍റെ അടുത്ത ചർച്ച. മൂന്നാം സീറ്റ് കാര്യത്തിൽ പിടിവാശി വേണ്ടെന്ന് ലീഗിൽ നേരത്തേതന്നെ ധാരണയായിട്ടുള്ളത് കോണ്‍ഗ്രസിന് ആശ്വാസമാണ്.
കേരള കോൺഗ്രസും രണ്ടുസീറ്റ് എന്ന പിടിവാശിയിലാണ്. പാർട്ടി ചെയർമാൻ കെഎം മാണി, വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് തുടങ്ങിയവരാണ് പാർട്ടിയെ പ്രതിനിധീകരിച്ച് ചർച്ചക്കെത്തിയത്. രണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് വിടുമെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സീറ്റ് വിഭജനം രമ്യമായി പരിഹരിക്കൽ കോണ്‍ഗ്രസിന് തലവേദനയാണ്. മാർച്ച് മൂന്നിന് കേരള കോണ്‍ഗ്രസുമായി വീണ്ടും ചർച്ച നടത്തും. ചർച്ചകൾ സൗഹൃദപരം ആയിരുന്നുവെന്നും അന്തിമ തീരുമാനം അടുത്തമാസം മൂന്നിനകം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.