എറണാകുളം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജനുവരി അഞ്ചിന് എന്‍ഐഎ വിചാരണ കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ഐഎ പറയുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകര്‍ക്കലായിരുന്നു ലക്ഷ്യമെന്നും കള്ളക്കടത്ത് സംഘം രൂപീകരിക്കാനായി ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വഷളാക്കാനും പ്രതികള്‍ ശ്രമിച്ചു. സ്വദേശത്തും വിദേശത്തുമായി സംഘം വ്യാപക ഫണ്ട് പിരിവ് നടത്തിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
എന്നാല്‍ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനാക്കിയ എം ശിവശങ്കറിനെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡിയും കസ്റ്റംസും അന്വേഷിക്കുന്ന കേസുകളില്‍ സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പ്രധാനപങ്കുള്ളതായാണ് പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ എന്‍ഐഎ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും ശിവശങ്കറെ പ്രതിയാക്കിയിട്ടില്ല. ഇനി ഒമ്പത് പ്രതികളെക്കൂടി കണ്ടെത്താനുണ്ട്. സ്വപ്ന, സരിത്ത്, റമീസ് ഉൾപ്പടെ 20 പ്രതികൾക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാലാം പ്രതിയായിരുന്ന സന്ദീപ് നായരെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. യുഎപിഎ സെക്ഷന്‍ 16,17,18, 20 പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 35 പ്രതികളുള്ള കേസില്‍ 21 പേരെയാണ് എന്‍ഐഎ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 12 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്.