എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹാ ഫസലിന്‍റെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. താഹയുടെ വീട്ടിൽ നിന്നും മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ പിടിച്ചെടുത്തത് മാവോയിസ്റ്റ് പ്രവർത്തകനാണെന്നതിന്‍റെ തെളിവല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ജേര്‍ണലിസം വിദ്യാർഥിയായ താഹ എല്ലാ തരത്തിലുമുള്ള പുസ്തകങ്ങൾ ശേഖരിച്ചത് പഠനത്തിന്‍റെ ഭാഗമായാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
സമാനമായ സംഭവത്തിൽ യുഎപിഎ ചുമത്തിയ കേസിൽ വിദ്യാർഥികളായ പ്രതികൾക്ക് മുബൈ ഹൈക്കോടതി ജാമ്യം നൽകിയതായും പ്രതിഭാഗം ചൂണ്ടികാണിച്ചു. അതേസമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകും. പ്രതിയെ അറസ്റ്റ് ചെയ്ത വേളയിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് തെളിയിക്കുന്നത് മാവോയിസ്റ്റ് ബന്ധമാണ്. മാവോയിസ്റ്റ് അനുകൂല ബാനറും പുസ്തകങ്ങളുമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതോടൊപ്പം താഹായുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ, കൊറിയർ, മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ എന്നിവയും കോടതി വിശദശമായി പരിശോധിച്ചു. പ്രതിക്കെതിരായ സിഡികൾ ഉൾപ്പടെയുള്ള തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് അലൻ ശുഹൈബിനെതിരെയും താഹാ ഫസലിനെതിരെയും യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതേ തുടർന്ന് എൻ.ഐ.എ കേസ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. യു.എ.പി.എ ചുമത്തുന്ന കേസുകളിൽ ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് ഏറ്റെടുക്കാമെന്ന വകുപ്പ് പ്രകാരമാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ് നിയമ വിദ്യാർഥിയും ഒളവണ്ണയിലെ താഹാ ഫസൽ ജേർണലിസം വിദ്യാർഥിയുമാണ്. നിലവിൽ പ്രതികൾ തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിൽ റിമാന്‍ഡിലാണ്.