എറണാകുളം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റെയ്‌ഡിന് പിന്നാലെ ഇന്നലെ രാവിലെയാണ് മുബാറക്കിനെ കസ്റ്റഡിയിൽ എടുത്തത്.
നിരോധിത സംഘടനയെ പുനരുജ്ജീവിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. മുബാറക്കിന്‍റെ വീട്ടിൽ നിന്ന് ചില ആയുധങ്ങളും മൊബൈല്‍ ഫോണും കണ്ടെടുത്തതായും സൂചനകളുണ്ട്. കസ്റ്റഡിയിലെടുത്ത ബാക്കി മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള കൂടുതൽ പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എന്‍ഐഎ സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തിയത്. സംസ്ഥാന പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു റെയ്‌ഡ്. നേരത്തെ സംസ്ഥാന പൊലീസിനെ അറിയിക്കാതെ സി.ആർ.പി.എഫിന്‍റെ സഹകരണത്തോടെ നടത്തിയ റെയ്‌ഡില്‍ പിഎഫ്ഐ ഒന്നാം നിര നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
നിരോധനത്തിന് ശേഷവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രഹസ്യമായി പാര്‍ട്ടി പ്രവര്‍ത്തനം തുടരുന്നത് തടയാനായാണ് റെയ്‌ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് വിചാരണ കോടതിയിൽ എന്‍ഐഎ റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് എന്‍ഐഎ ഇന്നലെ പരിശോധന നടത്തിയത്.
എറണാകുളം ജില്ലയിൽ മാത്രം പന്ത്രണ്ടിടങ്ങളിലാണ് സംഘം പരിശോധനക്കെത്തിയത്. ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.