എറണാകുളം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഫോര്‍ട്ട് കൊച്ചി (New Year Celebrations At Fort Kochi). കഴിഞ്ഞ ദിവസമാണ് കൊച്ചിക്കാരുടെ പുതുവത്സരാഘോഷങ്ങളുടെ അഭിവാജ്യ ഘടകമായ പാപ്പാഞ്ഞിയുടെ നിര്‍മാണം പൂര്‍ത്തിയായത് (Kochi Pappanji 2023). 80 അടിയിലേറെ ഉയരമുള്ള വർണ്ണാഭമായ കൂറ്റൻ പപ്പാഞ്ഞിയെയാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പപ്പാഞ്ഞിയാണ് കാർണിവൽ കമ്മറ്റി ഇത്തവണയൊരുക്കിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി, ഇന്നലെ (ഡിസംബര്‍ 30) രാത്രിയോടെയാണ് ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ ക്രെയ്‌ന്‍ ഉപയോഗിച്ച് ഉയർത്തി പപ്പാഞ്ഞിയെ സ്ഥാപിച്ചത്.
കഴിഞ്ഞ വര്‍ഷം പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം ആരോപിച്ച് ബി ജെ പി പ്രതിഷേധം നടത്തിയിരുന്നു. ഇത്തവണ ആരുടെയും രുപസാദൃശ്യം ഉണ്ടാകാതിരിക്കാൻ കാർണിവൽ കമ്മിറ്റി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എഴുത്തുകാരനും ചിത്രകാരനുമായ ഫോർട്ട് കൊച്ചി സ്വദേശി ബോണി തോമസ് ഡിസൈൻ ചെയ്‌ത ചിരിക്കുന്ന പപ്പാഞ്ഞിയെ ആണ് ഇത്തവണ തയാറാക്കിയത്. ഊന്ന് വടിക്ക് ഒപ്പം കൈകളിൽ പിടിച്ച പൂക്കളും ഇത്തവണത്തെ പപ്പാഞ്ഞിയുടെ പ്രത്യേകതയാണ്.
ആരാണ് പാപ്പാഞ്ഞി...?: പോയവർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്‍റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ ഡിസംബർ 31ന് അർധരാത്രി പന്ത്രണ്ട് മണിക്ക് അഗ്നിക്കിരയാക്കുന്നത്. വിദേശികളും സ്വദേശികളും ഉൾപ്പടെ ആയിരങ്ങൾ പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷികളായി എത്തിച്ചേരും. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം ആദ്യമായി തുടങ്ങിയത്.
പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം ആഘോഷത്തിന് മാറ്റു കൂട്ടും. പപ്പാഞ്ഞിക്ക് ഏതെങ്കിലുമൊരു മതവുമായോ, ക്രിസ്‌തുമസ് ആഘോഷവുമായോ യാതൊരു ബന്ധവുമില്ല. പപ്പാഞ്ഞിയെന്നാൽ സാന്‍റയാണെന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്.
എന്നാൽ, പപ്പാഞ്ഞിയെന്ന പോർച്ചുഗീസ് പദത്തിന് മുത്തച്ഛൻ എന്നാണ് അർഥം. പോർച്ചുഗീസുകാർ ദീർഘകാലം ഭരിച്ച കൊച്ചി അവരിൽ നിന്നും ഏറ്റെടുത്തതാണ് പപ്പാഞ്ഞിയെ കത്തിക്കൽ. കഴിഞ്ഞ നാല് പതിറ്റാണ്ടായി കൊച്ചി കാർണിവൽ കമ്മിറ്റി ജനകീയമായാണ് പപ്പാഞ്ഞിയെ കത്തിച്ചുള്ള പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത് (Who Is Kochi Pappanji).
ഇത്തവണ പാപ്പാഞ്ഞി ഇങ്ങനെ: കഴിഞ്ഞ തവണത്തെ 65 അടി ഉയരമുള്ള പപ്പാഞ്ഞിയിൽ നിന്നും 80 അടി ഉയരത്തിലേക്ക് പപ്പാഞ്ഞിയുടെ ഉയരം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1800 കിലോ ഇരുമ്പ് പൈപ്പിലാണ് പപ്പാഞ്ഞിയുടെ ഫ്രെയിം തയ്യാറാക്കിയത്. ഒരു ഡസനിലധികം തൊഴിലാളികൾ മൂന്ന് ആഴ്‌ചയോളമായി പപ്പാഞ്ഞിയുടെ നിർമ്മാണത്തിലായിരുന്നു.
ഫ്രെയിമിന് മുകളിൽ പിസ്‌താ കളർ കുപ്പായവും, നീല പാന്‍റും തുണി ചുറ്റിയാണ് തയ്യാറാക്കിയത്. ഇതിനുള്ളിൽ വൈക്കോൽ കൂടി നിറച്ചതിനാൽ പുതുവത്സരം പിറക്കുന്നതോടെ പതിനായിരങ്ങളുടെ ആർപ്പുവിളികളോടെ പപ്പാഞ്ഞി നിന്ന് കത്തും. ഇത്രയും വിപുലവും ജനകീയവുമായ പുതുവത്സരാഘോഷം രാജ്യത്ത് തന്നെ വേറെയില്ല.
അതേസമയം, വെളി ഗ്രൗണ്ടിൽ കാർണിവലിന്‍റെ ഭാഗമായി അമ്പത് അടി ഉയരമുള്ള വേറൊരു പപ്പാഞ്ഞിയെ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇത് കത്തിക്കാൻ അധികൃതർ അനുമതി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇത്തവണ ചില വിവാദങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. മതിയായ സുരക്ഷയൊരുക്കാൻ കഴിയില്ലന്ന കാരണം ചൂണ്ടികാണിച്ചാണ് ആർ ഡി ഒ പുതിയ പപ്പാഞ്ഞിയെ കത്തിക്കരുതെന്ന നിർദേശം നൽകിയത്.
എന്നാൽ, രണ്ടിടങ്ങളിൽ പപ്പാഞ്ഞിയെ കത്തിച്ചാൽ തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന വാദമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ സ്ഥാപിച്ച പപ്പാഞ്ഞിയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അകബറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്ദർശിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു.
Also Read : പുതുവർഷത്തെ വരവേൽക്കാൻ വടവാതൂരിൽ കൂറ്റൻ പപ്പാഞ്ഞി റെഡി