കൊച്ചി : Sabarimala Pilgrimage ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങളില്‍ സര്‍ക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി. നീലിമല-അപ്പാച്ചിമേട് റൂട്ട് തുറന്നാൽ ഭക്തര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാണോയെന്ന് കോടതി ചോദിച്ചു. കെ.എസ്.ആര്‍.ടി.സി തീർഥാടകരിൽ നിന്ന് അധിക നിരക്ക് ഈടാക്കുന്നുവെന്നും ആവശ്യത്തിന് ബസുകളില്ലെന്നുമുള്ള പരാതിയിലും കോടതി സര്‍ക്കാരിന്‍റെ ഭാഗം ആരാഞ്ഞു.
ശബരിമലയിലെ സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നീലിമല-അപ്പാച്ചിമേട് റൂട്ടിൽ തീർഥാടകർക്ക് നൽകേണ്ട ചികിത്സാ സൗകര്യങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടും കെഎസ്ആർടിസി സർവീസ് സംബന്ധിച്ചും ഹൈക്കോടതി രണ്ട് റിട്ട് ഹർജികൾ പുറപ്പെടുവിച്ചു.
Also Read: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം
Kerala Highcourt : തീർഥാടകരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും വെർച്വൽ ക്യൂ കൂപ്പണുകളും പരിശോധിക്കാനുള്ള നിലയ്ക്കലിലെ പരിശോധനാ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. നീലിമല, അപ്പാച്ചിമേട് റൂട്ട് അനുവദിച്ചാൽ ഹൃദ്രോഗ ചികിത്സാകേന്ദ്രങ്ങളിൽ കൂടുതല്‍ വിദഗ്‌ധ ഡോക്ടര്‍മാരെയും ഫിസിഷ്യൻമാരെയും നിയമിക്കണമെന്നും ആവശ്യത്തിന് എമർജൻസി മെഡിക്കൽ സെന്‍ററുകള്‍ സ്ഥാപിക്കണമെന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
തീർഥാടകരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കുന്നുവെന്നും ആവശ്യത്തിന് ബസുകൾ ഇല്ലെന്നും പരാതിയുണ്ടെന്ന് സ്‌പെഷ്യല്‍ കമ്മിഷണറുടെ മറ്റൊരു റിപ്പോര്‍ട്ടിലുമുണ്ട്. ലോ ഫ്ലോർ എസി ബസുകളിൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് വൺവേ ടിക്കറ്റ് നിരക്ക് 50 രൂപയും എസി ബസുകൾക്ക് 80 രൂപയുമാണ്. ഡിസംബർ 6 ന് രണ്ട് കാര്യങ്ങളിലും ഹൈക്കോടതി വാദം കേള്‍ക്കും.