എറണാകുളം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാംപ്രതി മുന്‍ എസ് ഐ കെ.എ സാബുവിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എട്ടു ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടതെങ്കിലും ആറുദിവസത്തെ സി.ബി.ഐ കസ്റ്റഡിയാണ് എറണാകുളം സി.ജെ.എം കോടതി അനുവദിച്ചത്. മുഖ്യ പ്രതിയായ സാബുവിനെ കസ്റ്റഡിയിലെടുത്ത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പ്രതിയുടെ സാന്നിധ്യത്തിൽ മർദിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നുമാണ് സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കു കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും അനേഷണവുമായി കെ.എ. സാബു സഹകരിക്കുന്നില്ലെന്നും സി.ബി.ഐ യുടെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിക്കുന്നു. മരണകാരണം ന്യുമോണിയ ആണെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളുകയും മുറിവുകളും ക്ഷതങ്ങളുമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയ റീ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ സി ബി ഐ യുടെ കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തില്ല. ഇന്നലെ രാത്രി കൊച്ചിയില്‍ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇന്നലെ രാത്രി കൊച്ചിയില്‍ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് കസ്റ്റഡിയിൽ മരിച്ചത് . ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സിബിഐ നൽകുന്ന സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി. റെജിമോൻ, സിവിൽ പൊലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, ഹോംഗാർഡ് കെ.എം. ജെയിംസ് സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ. ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയി പി. വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.