എറണാകുളം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം ചർച്ച ചെയ്യാൻ എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. പാലാ സീറ്റ് കേരള കോൺഗ്രസിന് നല്‍കേണ്ടി വരുന്ന സാഹചര്യം യോഗത്തില്‍ ചർച്ചയാകും. മറ്റു സംഘടനാ വിഷയങ്ങളാണ് ഇന്നത്തെ ചർച്ച വിഷയമെന്ന് നേതൃത്വം ചൂണ്ടിക്കാണിക്കുന്നുവെങ്കിലും ചർച്ച പാലാ സീറ്റ് തന്നെയാണെന്നതിൽ സംശയമില്ല.
പാലാ സീറ്റ് വിട്ട് നല്‍കി ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടതില്ലെന്ന പൊതുനിലപാടിലാണ് എന്‍സിപി നേതൃത്വം. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്ന കടുത്ത നിലപാടിലാണ് പാലാ എംഎല്‍എ കൂടിയായ മാണി സി കാപ്പനും. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനം പ്രഖ്യാപിക്കാത്ത പശ്ചാത്തലത്തില്‍ പരസ്യപ്രതികരണം വേണ്ടതില്ലെന്നാണ് സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ ആവർത്തിക്കുന്നത്.
സീറ്റ് വിട്ട് നൽകി മുന്നണിയില്‍ തുടരേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും മാണി സി. കാപ്പന്‍ പക്ഷം യോഗത്തില്‍ സ്വീകരിക്കുക. എന്നാൽ എ.കെ ശശീന്ദ്രൻ പക്ഷം ഇതിനെ അംഗീകരിക്കില്ല. സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്ററുടെ നിലപാടാണ് ദേശീയ നേതൃത്വം അംഗീകരിക്കുക. ഇത് തങ്ങൾക്ക് എതിരായാൽ മാണി സി. കാപ്പന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി തന്നെ വിടാനാണ് സാധ്യത. സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണി പ്രത്യേക നിർദേശങ്ങളൊന്നും നൽകാത്ത സാഹചര്യത്തിൽ ഇന്ന് പരസ്യ പ്രതികരണത്തിന് സാധ്യതയില്ല. എന്നാൽ സീറ്റ് വിട്ട് നൽകേണ്ടതില്ലെന്ന നിലപാടായിരിക്കും നേതൃയോഗം സ്വീകരിക്കുക.