ലോകത്തെ തന്നെ ഏറ്റവും അത്ഭുതപ്പെടുന്ന കരകൗശലവസ്തുക്കളുടെ ശേഖരമുള്ള നാടാണ് കേരളം. വസ്ത്ര നിർമാണം, കൊത്തുപണി, ലോഹ നിർമാണം എന്നിവയിലെല്ലാം കേരളം മുൻപന്തിയിൽ തന്നെയാണ്. എന്നാൽ ഈ കരകൗശല കൈത്തറിമേഖലയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.
നൂറ്റാണ്ടുകളായി കൈമാറിവന്ന പാരമ്പര്യം നഷ്ടമാകാതെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുവാനും, ഈ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
കരകൗശല ഉൽപന്നങ്ങളായ ഈട്ടിത്തടിയിലെ ആനകൾ, പിച്ചളയിലും ഓടിലും തീർത്ത ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതന കാലം മുതലുള്ള നെട്ടൂർ പെട്ടി, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറന്മുളകണ്ണാടി തുടങ്ങിയ തനതായ കേരളീയ ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഭാരതത്തിലെ കരകൗശല മേഖലയിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങളായ ശാന്തിനികേതൻ ബാഗുകൾ, കോതയാർ ലൈസ് വർക്കുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡിടോപ്, കോൽഹപുരി ചെരുപ്പുകൾ, കേരളത്തിലെ മൺപാത്ര ഉൽപന്നങ്ങൾ, മുത്ത്, പവിഴം, മരതകം തുടങ്ങിയവയിൽ തീർത്ത ആഭരണങ്ങൾ, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ കണ്ണൂർ കൈത്തറി ഉൽപ്പന്നങ്ങൾ തുടങ്ങി ചാരുതയാർന്ന കരകൗശലവസ്തുക്കൾ മേളയിലുണ്ട്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ആണ് മേളയിൽ വില്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 8 മണിവരെയാണ് മേള സംഘടിപ്പിക്കുന്നത്. കൈത്തറി പ്രദർശന വിപണനമേള ഈ മാസം 20-ന് സമാപിക്കും.