എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ വഴിത്തിരിവ്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മുംബൈയിലെത്തി നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുത്തുവെന്നു് അന്വേഷ സംഘം കോടതിയെ അറിയിച്ചു. ദിലീപ് രണ്ട് ഫോണുകളിലെ തെളിവുകൾ നശിപ്പിച്ച ശേഷമാണ് കോടതിക്ക് കൈമാറിയത്. തെളിവുകൾ നശിപ്പിച്ചത് ജനുവരി 29, 30 തിയതികളിലാണ്. ഫോണുകൾ മുംബൈയിലെ ലാബിലേക്ക് അയച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ഈ തെളിവുകളാണ് വീണ്ടെടുത്തത്. ഫോണുകൾ ലാബിലേക്ക് അയച്ചത് ദിലീപിൻ്റെ അഭിഭാഷകനാണ്.
ഫോൺ കൈമാറാൻ ജനുവരി 29നാണ് കോടതി ഉത്തരവിട്ടത്. 29ന് വൈകിട്ട് ഫോണുകൾ മുംബൈയിലെ ലാബിൽ എത്തിച്ചു. ലാബിലെ ജീവനക്കാരെയും ഡയറക്ടറെയും ചോദ്യം ചെയ്തു.
കേസ് റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ഹരിപാലിന്‍റെ ബെഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കുന്നത്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ള കേസ് കെട്ടിചമച്ചതാണെന്നാണ് ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ വാദം.
നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയാണ് വധ ഗൂഢാലോചന കേസ് റജിസ്റ്റർ ചെയ്തതെന്നും ദിലീപ് ആരോപിച്ചിരുന്നു. വധ ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
also read: "സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ്