എറണാകുളം: എൽഡിഎഫും യുഡിഎഫും തമ്മിലുള്ള 'അവിശുദ്ധ സഖ്യത്തിൽ' നിന്ന് കേരളം ഇനിയെങ്കിലും രക്ഷപ്പെടണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ആദ്യത്തെ അഞ്ച് വർഷം ഒരു പാര്‍ട്ടിയും അടുത്ത അഞ്ച് വർഷം അടുത്ത പാര്‍ട്ടിയും കേരളത്തെ കൊള്ളയടിക്കുന്നു. അതിനാൽ ഈ അവിശുദ്ധമായ കൂട്ടുകെട്ടില്‍ നിന്ന് കേരളം പുറത്തുവരണമെന്ന് പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ട് നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടി വി മുരളീധരന്‍ പറഞ്ഞു.
പശ്ചിമ ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും ഒന്നാണ്. എന്നാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് സമയത്ത് അവർ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് പോരടിക്കുന്നു. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി അഴിമതി നിറഞ്ഞ സർക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയാന്‍ പ്രിയങ്കാ ഗാന്ധിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഒരിക്കലും പാലിക്കാത്ത വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം 140 അംഗ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ഒറ്റഘട്ടമായി നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.