എറണാകുളം: തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കൊവിഡ് വ്യാപന തോത് കുറഞ്ഞാലെ തിയേറ്ററുകൾ തുറക്കാനാകൂ എന്നും മന്ത്രി സജി ചെറിയാൻ. എല്ലാ മേഖലയിലും ഘട്ടം ഘട്ടമായാണ് ഇളവുകൾ നൽകുന്നതെന്നും അടുത്ത ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ തിയറ്ററുകൾ തുറക്കുമ്പോൾ നല്ലതുപോലെ ചിന്തിക്കേണ്ടതുണ്ട്. അടച്ചിട്ട മുറിയിലാണ് രോഗവ്യാപന സാധ്യത കൂടുതലുള്ളത്. തിയേറ്ററ്ററുകൾ തുറക്കുന്ന കാര്യത്തിൽ എത്രയും പെട്ടന്ന് തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിയേറ്ററ്റർ ഉടമകൾ നൽകിയ നിവേദനം ചർച്ച ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകും. ഇക്കാര്യം സർക്കാരിന്‍റെ പരിഗണനയിൽ ആണ്. തിയേറ്റർ ഉടമകളെ സംരക്ഷിക്കുന്നതിന്ന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.