എറണാകുളം: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ ഉന്നയിച്ച കാര്യങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വിഴിഞ്ഞം പദ്ധതി നിർത്തിവയ്‌ക്കണമെന്ന ആവശ്യം മാത്രമാണ് സർക്കാർ അംഗീകരിക്കാത്തത്. അതിനോട് സർക്കാറിന് യോജിപ്പില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണെന്നും ഈ ആവശ്യം ഏഴ് വർഷം മുമ്പ് ഉന്നയിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഞങ്ങൾ ഉൾപ്പടെ കരാറിലെ ചില വ്യവസ്ഥകളാട് അന്നു തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കരാർ നിലവിൽ വന്ന ശേഷം പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ഉപേക്ഷിക്കുകയായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
അധികാരത്തിലെത്തിയ ശേഷം പദ്ധതി നിർത്തി വയ്‌ക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. പദ്ധതി അവസാന ഘട്ടത്തിലെത്തുന്ന വേളയിൽ പദ്ധതി വേണ്ടെന്ന് വെക്കുന്നത് നാടിനും, സമ്പദ്ഘടനയ്ക്കും നല്ലതല്ലന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്രസേന വേണമോയെന്നതിൽ തീരുമാനം കോടതി എടുക്കട്ടെ. സർക്കാരിന്‍റെ അഭിപ്രായം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല വ്യവസായ സ്ഥാപനങ്ങൾക്കും സുരക്ഷയൊരുക്കുന്നത് കേന്ദ്രസേനയാണ്. വിഴിഞ്ഞത്ത് പൊലീസ് അസാധാരണമായ സംയമനമാണ് പാലിച്ചത്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും ഇരട്ട സഹോദരൻമാരെപ്പോലെ പ്രവർത്തിക്കുന്നുവെന്നും ഇതിനുദാഹരണമാണ് കെ സുധാകരന്‍റെയും കെ സുരേന്ദ്രന്‍റെയും പ്രസ്‌താവനകളെന്നും പി.രാജീവ് പറഞ്ഞു.
സർക്കാറിനെതിരെയുളള വിമോചന സമരത്തെ തങ്ങൾ പിന്തുണയ്ക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. തൊട്ടുപിന്നാലെയാണ് സർക്കാറിനെ താഴെയിറക്കാൻ തങ്ങൾക്ക് അഞ്ച് മിനിറ്റ് സമയം മതിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞത്. ഇത് 1959 ൽ നടന്നതാണ്.
രണ്ടു പേരും പറയുന്നത് ഒരേ കാര്യമാണ്. എന്നാൽ കാര്യങ്ങൾ മാറിയെന്നും അങ്ങിനെ പിരിച്ചു വിടുന്നത് അസാധ്യമാക്കുന്ന സുപ്രീം കോടതിയുടെ വിധികളുണ്ടെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നത് കേരള സമൂഹം ഇത് ഗൗരവമായി കാണേണ്ടതാണന്നും മന്ത്രി പറഞ്ഞു.