എറണാകുളം: റോഡ് നന്നാക്കണമെന്ന ആവശ്യം പറഞ്ഞ് മടുത്ത് അവസാനം വോട്ട് നോട്ടക്ക് കുത്താനൊരുങ്ങി മിനിപ്പടി കള്ളാട് പ്രദേശാവാസികള്‍. കോതമംഗലം മുനിസിപ്പാലിറ്റിയിലെ ചേലാട് പ്രദേശത്തെ മിനിപ്പടി - കള്ളാട് റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. റോഡ് നന്നാക്കണമെന്ന ആവശ്യം നാട്ടുകാര്‍ പലതവണ ജനപ്രതിനിധികളെ ആറിയിച്ചു. എന്നിട്ടും യാതൊരു തരത്തിലുമുള്ള പ്രതികണവും ഉണ്ടായില്ല. ഇതോടെ റോഡ് നന്നാക്കും വരെ ഇനിയുള്ള വോട്ട് നോട്ടക്ക് ചെയ്യാനാണ് ഇവിടത്തുകാരുടെ തീരുമാനം.
മുനിസിപ്പാലിറ്റിയിലെ അഞ്ച്, ആറ്, ഏഴ്, വാർഡുകളിലെ 500 ൽ അധികം കുടുംബങ്ങളിലെ ജനങ്ങൾ പൂർണ്ണമായി ഉപയോഗിച്ചു വന്നിരുന്ന റോഡാണ് തകര്‍ന്നത്. കള്ളാട് ഭാഗം വരെയുള്ള രണ്ട് കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന റോഡാണ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. മഴ പെയ്താൽ റോഡ് ഏത് കുഴിയേത് എന്ന അവസ്ഥയിലാണ്. പരിചയമില്ലാത്തവർ വാഹനം ഓടിച്ചാൽ അപകടം ഉറപ്പ്. ഇതു വഴിയാത്ര ചെയ്യുന്നവർക്ക് അപകടം പറ്റിയാൽ നാട്ടുകാർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
കനാലിന് സമീപത്ത് കൂടി പോകുന്ന റോഡായതിനാൽ കുഴിയിൽ വീഴുന്ന വാഹനം കനാലിലേക്ക് പോയ സംഭവവുമുണ്ട്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിലാണ് നോട്ടക്ക് വോട്ട് ചെയ്യാൻ പ്രദേശവാസികൾ തീരുമാനിച്ചത്. സമരസമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും പ്രദേശവാസികള്‍ തീരമാനിച്ചിട്ടുണ്ട്.