കൊച്ചി: നിപ രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് ആശുപത്രി വൃത്തങ്ങൾ. മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന അഞ്ച് രോഗികളില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിള്‍ പരിശോധന നടന്നുവരികയാണ്. ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം ആറായി.
എറണാകുളം മെഡിക്കല്‍ കോളജില്‍ ഇന്നലെ പരിശോധിച്ച 10 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളെക്കൂടി ഇന്ന് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പര്‍ക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. ഇവരിലാര്‍ക്കും തന്നെ രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുന്നതിനാല്‍ ഇവരില്‍ 33 പേരെ ജൂണ്‍ പതിമൂന്നിന് വൈകീട്ട് അഞ്ച് മണിയോടെ നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കും. സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ രോഗലക്ഷണം പ്രകടമാകാന്‍ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്ന ഒമ്പത് പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്.
കഴിഞ്ഞ മാസം ജില്ലയില്‍ സംഭവിച്ച 1798 മരണങ്ങളില്‍ 1689 എണ്ണത്തിന്റെ രേഖകളുടെ പരിശോധന പൂര്‍ത്തിയായി. സംശയാസ്പദമായ ഒരു മരണവും കണ്ടെത്തിയിട്ടില്ല. ജില്ലയിലെ 78 സ്വകാര്യ ആശുപത്രികളില്‍ മെയ് മാസം നടന്ന മരണങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ആരോഗ്യ വിദഗ്ധര്‍ നാല് മെഡിക്കല്‍ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതേവരെ 25,844 പേര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് തല പരിശീലന പരിപാടികള്‍ ജൂണ്‍ പതിമൂന്നിന് സമാപിക്കും. നിപ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇതര ഭാഷകളിലുള്ള രോഗ പ്രതിരോധ ബോധവത്കരണ സന്ദേശങ്ങള്‍ ജില്ലയിലെ വിവിധ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിച്ചു. തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് ബോധവത്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ആരോഗ്യ ബോധവത്കരണ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിന് ജില്ലയിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, വി ച്ച് സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വരയ്ക്കാം ആരോഗ്യത്തിനായി എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എല്ലാ സ്‌കൂളുകളിലെയും അസംബ്ലിയില്‍ പ്രത്യേകം തയ്യാറാക്കിയ ആരോഗ്യ ബോധവത്കരണ സന്ദേശം വായിച്ചു.