എറണാകുളം: കാൽനട യാത്രക്കാരിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ എംബിഎ ബിരുദധാരി അറസ്‌റ്റിൽ. മഞ്ഞുമ്മൽ മേട്ടേക്കാട്ട് വീട്ടിൽ സോബിൻ സോളമനെ (28) യാണ് ചേരാനല്ലൂർ പൊലീസ് പിടികൂടിയത്. ചേരനെല്ലൂർ സ്‌റ്റേഷൻ എസ്ഐമാരായ തോമസ് കെ. സേവ്യർ, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൊച്ചിയിൽ പിടികൂടിയത്.
ജോലിയില്ലാത്തതിനാല്‍ മോഷണം: ചോദ്യം ചെയ്യലിലാണ് മോഷ്‌ടാവ് ബിരുദാനന്തര ബിരുദധാരിയാണെന്ന വിവരം പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത്. നിലവിൽ ജോലിയില്ലെന്നും കടം വീട്ടാനും കാറ് വാങ്ങാനുമാണ് മോഷണത്തിന് ഇറങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്‌ച ചേരാനല്ലൂർ വിഷ്‌ണുപുരത്ത് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ഓമനയെന്ന സ്ത്രീയുടെ പിന്നാലെ നടന്നെത്തിയ മോഷ്‌ടാവ് ഇവര്‍ കഴുത്തിലണിഞ്ഞ മൂന്നര പവന്‍റെ മാല പൊട്ടിക്കുകയായിരുന്നു. അവർ ബഹളം വച്ചെങ്കിലും പ്രതി സമീപത്ത് നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പിടിയിലാകുന്നത് ഇങ്ങനെ: സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്ന് സ്‌കൂട്ടറിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ വാഹനത്തിന്‍റെ നമ്പർ വ്യാജമായിരുന്നു. തുടർന്നു സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാവിനെ പിടികൂടാനായത്. കൊച്ചി നഗരത്തിൽ അടുത്തിടെ നടന്ന മറ്റേതെങ്കിലും മാലപ്പൊട്ടിക്കൽ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. അടുത്ത കാലത്തായി സ്ത്രീകളുടെ മാലപൊട്ടിച്ച പ്രതികൾ കടന്നുകളയുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇത്രയും വിദ്യാസമ്പന്നനായ ഒരു പ്രതിയെ ഇത്തരമൊരു സംഭവത്തിൽ പിടികൂടുന്നത് ആദ്യമായാണ്. പ്രഭാത സവാരി നടത്തുന്ന സ്ത്രീകൾ, വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകള്‍ എന്നിവരെയാണ് മാല മോഷ്‌ടാക്കൾ ലക്ഷ്യമിടുന്നത്.
മാല പൊട്ടിക്കല്‍ വര്‍ധിക്കുന്നു: കഴിഞ്ഞ ശനിയാഴ്‌ച മാല പൊട്ടിച്ച കേസിലെ പ്രതികൾ പൊലീസുകാരെ മദ്യകുപ്പി ഉപയോഗിച്ച് കുത്തി പരിക്കേല്‍പിച്ച് രക്ഷപ്പെടാൻ ശ്രമം നടന്നിരുന്നു. ഈ കേസിൽ സ്ഥിരം കുറ്റവാളികളായ മധുര സ്വദേശികളായ സായ് രാജ്, പോള്‍ കണ്ണന്‍ എന്നിവരെ പൊലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. ശനിയാഴ്‌ച പട്ടാപ്പകല്‍ മധ്യവയസ്‌കയുടെ മാല പൊട്ടിച്ചായിരുന്നു പ്രതികൾ കടന്നുകളഞ്ഞത്. ചളിക്കവട്ടത്ത് മീന്‍ കച്ചവടം നടത്തുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ ഈ സംഘം തട്ടിയെടുക്കുകയായിരുന്നു. വീടുകള്‍ കയറി മീന്‍ കച്ചവടം നടത്തുകയായിരുന്ന ചളിക്കവട്ടം സ്വദേശിനി ലളിതയോട് വഴി ചോദിച്ചെത്തിയ യുവാക്കള്‍ പെട്ടെന്ന് മാല പൊട്ടിച്ച് കളന്നുകളയുകയായിരുന്നു.
ലളിതയുടെ പരാതിയിൽ മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതികള്‍ നഗരത്തിന് പുറത്ത് കടക്കാനാകാത്ത വിധം കെണിയൊരുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ വാഴക്കാല, ഇടപ്പളളി, എന്നിവിടങ്ങളിലൂടെ ബൈക്കുമായി കറങ്ങിയ പ്രതികളെ പാലാരിവട്ടത്ത് വച്ചാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു.
സംഘട്ടനത്തിന് പിന്നാലെ പിടിയില്‍: പൊലീസിനെ കണ്ടതോടെ അക്രമാസക്തരായ പ്രതികൾ ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച് ആക്രമണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതില്‍ പാലാരിവട്ടം സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിനിടെ സാഹസികമായി തന്നെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയാണ് പ്രതികള്‍ മാലപൊട്ടിച്ചത്. ഇവര്‍ക്കെതിരെ കൊച്ചിയിൽ സമാനമായ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.