എറണാകുളം: ഓഹരി വിപണിയിൽ മുതൽമുടക്കിയാൽ വൻലാഭം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ദമ്പതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാക്കനാട് പ്രവർത്തിച്ചിരുന്ന മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് എന്ന ധനകാര്യ സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ തൃക്കാക്കര പൊലീസ് കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ചായിരുന്നു അറസ്റ്റ് ചെയ്‌തത്. ദുബായിൽ നിന്ന് ഡൽഹി വഴി കേരളത്തിലേക്ക് വരുന്നതിനിടെയായിരുന്നു പ്രതികൾ പിടിയിലായത്.
ഇവർക്കെതിരെ നേരത്തെ കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് വിമാനത്താവള അധികൃതർ ഇരുവരെയും തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. ഇരുവർക്കുമെതിരെ നിരവധി പരാതികളായിരുന്നു തൃക്കാക്കര പൊലീസിന് ലഭിച്ചത്.
പരാതിക്കാരിൽ മൂന്ന് കോടി വരെ നഷ്‌ടമായവരുണ്ട്. മാസ്‌റ്റേഴ്‌സ് ഫിൻ കോർപ്പ്, മാസ്‌റ്റേഴ്‌സ് ഫിൻ സെർവ്, മാസ്‌റ്റേഴ്‌സ് ഫിൻ കെയർ, മാസ്‌റ്റേഴ്‌സ് ആർ.സി.സി എന്നീ സ്ഥാപനങ്ങൾ വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സാമ്പത്തിക ഭദ്രതയുള്ളവരെ കണ്ടെത്തി ഓഹരി വിപണിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ പതിനെട്ട് ശതമാനത്തിൽ കൂടതൽ ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
പ്രവാസികൾ സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവരിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. ആദ്യഘട്ടത്തിൽ വലിയ തുക ലാഭവിഹിതമായി നൽകി വിശ്വാസം നേടിയെടുത്ത് പ്രതികൾ ഇടപാടുകാരെ കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. എട്ട് വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2021 മാർച്ച് വരെ ലാഭം നൽകിയിരുന്നു. തുടർന്നാണ് ലാഭ വിഹിതം നൽകുന്നത് മുടങ്ങുകയും നടത്തിപ്പുകാർ മുങ്ങുകയും ചെയ്‌തത്. പ്രതികൾ നാടുവിട്ടതോടെയാണ് നിരവധിയാളുകൾ പരാതിയുമായി തൃക്കാക്കര പൊലീസിനെ സമീപിച്ചത്.