എറണാകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന സമര പ്രഖ്യാപന സമ്മേളനത്തിൽ ലക്ഷങ്ങൾ അണിനിരന്നു. കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനകളുടെയും സംയുക്താഭിമുഖത്തിലായിരുന്നു പ്രതിഷേധം. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും റാലിയായാണ് പ്രതിഷേധക്കാർ സമ്മേളന വേദിയായ മറൈൻ ഡ്രൈവിൽ എത്തിച്ചേർന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. പൗരത്വനിയമം ഭേദഗതി ചെയ്തപ്പോൾ മുസ്ലിംകളെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും മുസ്ലിംങ്ങൾ ഇന്ത്യാ രാജ്യത്തിനെതിരെ ഒരിക്കൽ പോലും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര പിതാവിനെയും രണ്ട് പ്രധാനമന്ത്രിമാരെയും വകവരുത്തിയത് മുസ്ലിംകൾ അല്ലെന്നും അദ്ദേഹം പറഞ്കു. വിവിധ മുസ്ലീം സംഘടനാ നേതാക്കൾക്ക് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരും സംബന്ധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തു തന്നെ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് കൊച്ചി ഇന്ന് സാക്ഷ്യം വഹിച്ചത്.