കൊച്ചി: മാസ്‌ക് ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ആവശ്യത്തിന് മാസ്ക്കുകൾ കിട്ടാതായതോടെയാണ് ഇവർ മാസ്‌ക് നിർമാണം ആരംഭിച്ചത്. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കലൂർ യൂണിറ്റും പൊറ്റക്കുഴി പള്ളിയും ചേർന്നാണ് മാസ്‌ക് നിർമാണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ഇരുപതിനായിരം മാസ്ക്കുകൾ നിർമിച്ച് സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറും. ഇരുപത്തിയഞ്ചിലധികം സന്നദ്ധപ്രവർത്തകരാണ് മാസ്‌ക് നിർമാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്‌ത അസംസ്കൃത വസ്‌തുക്കൾ ഉപയോഗിച്ച് ഏറെ ശുചിത്വത്തോടെയാണ് മാസ്‌ക് നിർമിക്കുന്നത്.
വീട്ടമ്മമാരും വിവിധ ജോലികൾ ചെയ്യുന്നവരും പ്രതിഫലം വാങ്ങാതെയാണ് മാസ്‌ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മാസ്ക്കുകളുടെ ക്ഷാമവും വിലവർധനയുമാണ് സൗജന്യമായി മാസ്ക്കുകൾ നിർമിച്ച് നൽകാൻ പ്രചോദനമായതെന്ന് കെഎൽസിഎ കലൂർ യൂണിറ്റ് സെക്രട്ടറി ബിജു വള്ളേപറമ്പിൽ പറഞ്ഞു. ഒരോ ദിവസവും മാസ്ക്കുകൾ ആരോഗ്യ വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പൊറ്റക്കുഴി പള്ളി വികാരി സെബാസ്റ്റ്യൻ കറുക പള്ളിയാണ് ഈയൊരു ആശയം മുന്നോട്ട് വെച്ചതെന്ന് കെ.എൽ.സി.എ വനിതാ വിഭാഗം സെക്രട്ടറി റീന ടോണി പറഞ്ഞു. സ്വന്തം തയ്യിൽ മെഷീനുകൾ പൊറ്റക്കുഴി പള്ളി ഹാളിൽ എത്തിച്ച്, രാവിലെ പത്ത് മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഇവർ മാസ്‌ക് നിർമിക്കുന്നത്.