എറണാകുളം : കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച 2019ലെ സമുദ്രമത്സ്യ നിയന്ത്രണ പരിപാലന ബിൽ, കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളി മേഖല. തീരകടൽ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും ലംഘനമാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. സ്വദേശി കുത്തകകൾക്ക് തീരക്കടൽ മേഖലയെ പൂർണ്ണമായും തീറെഴുതുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ നടപടിയെന്നും മത്സ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് കുറ്റപ്പെടുത്തി.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിയമ ഭേദഗതിക്കെതിരെ ഒമ്പത് തീര സംസ്ഥാനങ്ങളെയും ഒരുമിച്ച് നിർത്തിയുള്ള ഇടപെടൽ ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിയെ കാണാനുമാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകാൻ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളെയും അണിനിരത്തി സംയുക്ത പ്രക്ഷോഭം നടത്താനും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആലോചിക്കുന്നുണ്ട്.