എറണാകുളം: എറണാകുളം റവന്യൂ ജില്ലാ കായികമേളയില്‍ 277 പോയിന്‍റുമായി മാർബേസിൽ ഒന്നാമത്. 32 സ്വർണവും, 36 വെള്ളിയും, 17 വെങ്കലവുമാണ് മാർബേസിലിന്റെ സമ്പാദ്യം. 58 പോയന്‍റുമായി മാതിരപ്പിള്ളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂൾ രണ്ടാമതെത്തി. എട്ടു സ്വർണ്ണം, ഏഴ് വെള്ളി, അഞ്ച് വെങ്കലവുമാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ മണീട് സ്കൂളിന് 56 പോയന്‍റ് ലഭിച്ചു.
കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് മേള നടന്നത്.
സ്കൂൾ കായികമേളയിൽ ഒരു പതിറ്റാണ്ടുകാലം ബദ്ധവൈരികളായി ഏറ്റുമുട്ടിയിരുന്ന സ്കൂളുകളായിരുന്നു സെന്‍റ് ജോർജും മാർബേസിലും. ഇക്കൊല്ലം സെന്‍റ് ജോർജ് കളമൊഴിഞ്ഞതോടെ കായികമേളയുടെ ആവേശത്തിനും തെല്ല് ഇടിവ് വന്നിരുന്നു. മാത്രമല്ല കായികാധ്യാപകരുടെ ചട്ടപ്പടി സമരവും മേളയെ സാരമായി ബാധിച്ചു. നവംബർ 16-ന് കണ്ണൂരിൽ ആരംഭിക്കുന്ന സംസ്ഥാന കായിക മേളയുടെ നടത്തിപ്പിനെയും സമരം ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കായിക പ്രേമികൾ .