എറണാകുളം: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള സാങ്കേതിക ഉപദേശം നൽകാൻ പ്രശസ്ത എൻജിനീയർ എസ് ബി സർവോതെയെ സർക്കാർ നിയോഗിച്ചു. ഇരുന്നൂറോളം ബഹുനില കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിൻ്റെ അനുഭവമുള്ള സർവോതെ നാളെ കൊച്ചിയിലെത്തി ഫ്ലാറ്റുകൾ സന്ദർശിക്കും. സർവോതെയുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാകും ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച കരാറിൽ അന്തിമ തീരുമാനം എടുക്കാൻ സാധ്യത.
അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കരാറിനായി അന്തിമപട്ടികയിലുള്ള കമ്പനികളുടെ പ്രതിനിധികളുമായി 11 ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ചുള്ള സാങ്കേതികവിദ്യയും മറ്റും പ്രതിനിധികൾ വിശദീകരിക്കും. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കാൻ പ്രത്യേക ടെൻഡർ വിളിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.
അതേ സമയം ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഫ്ലാറ്റ് നിർമ്മാതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഉൾപ്പെടെ ഇന്ന് ചോദ്യം ചെയ്യും.