എറണാകുളം:മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി മറ്റന്നാൾ അവസാനിക്കാനിരിക്കെ പുന:രധിവാസം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുന്നു. സ്ഥിര താമസക്കാർക്ക് മാറിത്താമസിക്കുന്നതിനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇതുവരെയും നഗരസഭ ഉടമകൾക്ക് കൈമാറിയിട്ടില്ല. അതേസമയം ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിക്കുന്നവർ അവരുടെ സാധനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. പുന:രധിവാസവുമായി ബന്ധപ്പെട്ട പുതുക്കിയ പട്ടിക അധികാരികളിൽ നിന്നും ലഭിച്ചതിനു ശേഷം മാത്രമേ ഫ്ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞു പോകൂ എന്ന ഉറച്ച നിലപാടിലാണ് മരട് ഫ്ലാറ്റിലെ സ്ഥിരതാമസക്കാർ.
ഫ്ലാറ്റുകൾ പൊളിക്കാൻ എഡിഫെയ്സ് എൻജിനീയറിങ്, സുബ്രഹ്മണ്യം കെമിക്കൽസ് ആൻഡ് എക്സ്പ്ലോസീവ്സ്, വിജയ് സ്റ്റീൽ എന്നീ മൂന്ന് കമ്പനികളെയാണ് നിലവിൽ പരിഗണിക്കുന്നത്. എഡിഫെയ്സ് എൻജിനീയറിങ് രണ്ട് ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ മറ്റു രണ്ടു കരാറുകാർക്ക് ഓരോ ഫ്ലാറ്റുകൾ പൊളിക്കാനുള്ള അനുമതി നൽകാനാണ് സാധ്യത.
അതേസമയം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് നഗരസഭ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് സമീപവാസികൾ പറയുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയതിന് ശേഷം മാത്രം ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.