ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും നീട്ടിനല്‍കാവില്ലെന്ന് സുപ്രീംകോടതി. ഫ്ളാറ്റുകൾ ഒഴിയാൻ ഒരാഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റുടമകൾ നല്‍കിയ ഹർജി തള്ളിയാണ് ജസ്റ്റിസ് അരുൺ മിശ്ര ഇത്തരത്തില്‍ പ്രതികരിച്ചത്. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും കോടതിയില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എല്ലാവരോടും കോടതിക്ക് പുറത്ത് പോകാനും ജസ്റ്റിസ് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഇനി ഒരു ഹർജി പോലും പരിഗണിക്കില്ല എന്ന് കോടതി ഉത്തരവുണ്ട്. ഇക്കാര്യം പലതവണ കോടതി ഓർമ്മപ്പെടുത്തിയതാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഈ കേസില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്കറിയില്ല എന്നും ജസ്റ്റിസ് കോടതിയില്‍ പറഞ്ഞു. ഫ്ളാറ്റ് ഉടമകൾക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കോടതിയില്‍ ഹാജരായത്.