കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടേയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നും കേസിൽ അന്വേഷണം നടക്കുകയാണന്നും പ്രതികൾക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ നിരവധി യു.എ.പി.എ കേസുകളിൽ പ്രതിയാണന്നും സർക്കാർ കോടതിയെ അറിയിച്ചു.
സി.പി.എമ്മിന്‍റെ മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും യുവാക്കളുടെ പക്കല്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തങ്ങളുടെ കൈവശം എഫ്.ഐ.ആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിന്‍റേയും പകർപ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഡയറി നാളെ പൊലിസിന് തിരികെ നൽകാമെന്നും കോടതി അറിയിച്ചു.