എറണാകുളം/തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്‍റെ പരാതി. കേസിൽ മഞ്ജുവിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പൊലീസ് കേസെടുക്കുകയായിരുന്നു.
തിരുവനന്തപുരം പാറശാല മഹാദേവ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സനല്‍കുമാറിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണന്നും അവർ ചിലരുടെ തടങ്കലിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ഉള്ളവർക്ക് ഭീഷണിയുണ്ടന്നും സനൽകുമാർ ആരോപിച്ചിരുന്നു.
ഭീഷണിപ്പെടുത്തലിനും, ഐ.ടി. നിയമപ്രകാരം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പരാതി ഗൗരവകരമായി പരിഗണിച്ച് അന്വേഷണം നടത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
READ MORE:സമൂഹമാധ്യമം വഴി ഭീഷണിയും അധിക്ഷേപവും; മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്