എറണാകുളം : ഹൈക്കോടതിയില്‍ ഓൺലൈൻ സിറ്റിങ്ങിനിടെ ഒരാൾ ഷേവ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞു. ചൊവ്വാഴ്ച ഓൺ ലൈൻ സിറ്റിങ് നടക്കുന്നതിനിടെയാണ് ഷേവ് ചെയ്തുകൊണ്ട് ഒരാൾ ഹാജരായത് . ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബഞ്ചിലാണ് സിറ്റിങ്ങിനിടെ ഷേവിങ് ദൃശ്യങ്ങളും തെളിഞ്ഞത്.
ഷേവ് ചെയ്തുകൊണ്ട് നടന്നുവന്ന് ഓൺലൈനിൽ ഇയാൾ കോടതി നടപടികള്‍ വീക്ഷിക്കുകയായിരുന്നു. സംഭവം ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതേ തുടർന്ന് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
ഷേവ് ചെയ്യുന്ന ആളുടെ മുഖം ദൃശ്യത്തിൽ വ്യക്തമാണ്. നവംബറിൽ പള്ളിക്കേസുകൾ പരിഗണിക്കുന്നതിനിടെ ഒരാൾ ഷർട്ടിടാതെ ഓൺലൈനില്‍ പ്രത്യക്ഷപ്പെട്ടത് കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. കോടതിയിൽ നടക്കുന്നത് സർക്കസോ, നാടകങ്ങളോ അല്ലെന്ന് ഓർക്കണമെന്നായിരുന്നു അന്ന് കോടതി അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്തരം സംഭവം വീണ്ടും ആവർത്തിക്കുകയായിരുന്നു.