കൊച്ചി: ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും എല്ലാ ഉദ്യോഗസ്ഥരും മലയാളം അറിഞ്ഞിരിക്കണമെന്ന് എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസ്. മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷയിൽ ഫയലുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന ഓഫീസാണ് കാക്കനാട് സിവിൽ സ്റ്റേഷന്‍. ജില്ലയിലെ താലൂക്കുകളെ ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരും. നാല് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് കലക്‌ടർ പറഞ്ഞു.
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കെ.എൽ. മോഹനവർമ, ഡോ.എം.ആർ.മഹേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി കലക്‌ടർ പി.പത്മകുമാർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നവംബർ ഏഴ് വരെയാണ് മലയാള ഭാഷാ വാരാചരണം.