എറണാകുളം: നടനും മുൻ എംപിയുമായ ഇന്നസെന്‍റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് എക്മോ പിന്തുണയിലാണ് ചികിത്സ നൽകുന്നത്. നടന്‍റെ ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരിക്കുകയാണ് ആശുപത്രി അധികൃതര്‍. ഇന്നസെന്‍റില്‍ ഗുരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നുമാണ് പുറത്തുവിട്ട പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നത്.
'പ്രമുഖ ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്‍റിന്‍റെ (75 വയസ്) ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗുരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കല്‍ സംഘത്തിന്‍റെ സൂക്ഷ്‌മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് വിപിഎസ് ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു', ഇപ്രകാരമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്‌ച മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് നടന്‍റെ ആരോഗ്യനില വഷളാകുകയായിരുന്നു. മാർച്ച് മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ആരോഗ്യനില വീണ്ടും ഗുരുതരമാവുകയും അദ്ദേഹത്തെ വീണ്ടും വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. നിലവിലെ സാഹചര്യത്തിൽ ഇന്നസെന്‍റിന്‍റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
കാന്‍സറിനെ ചിരിച്ചുകൊണ്ട് നേരിട്ട ഇന്നസെന്‍റ്: രണ്ട് തവണ അർബുധത്തെയും കൊവിഡിനെയും അതിജീവിച്ച വ്യക്തിയാണ് ഇന്നസെന്‍റ്. കാന്‍സറിനെ ഇച്ഛാശക്തിയോടെയാണ് ഇന്നസെന്‍റ് നേരിട്ടത്. 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പേരില്‍ അദ്ദേഹം ഒരു പുസ്‌തകവും എഴുതിയിട്ടുണ്ട്.
ഗുരുതരമായ രോഗങ്ങള്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്‌ക്കാനാണ് പലരും ശ്രമിക്കുക. എന്നാല്‍ തനിക്ക് അര്‍ബുദമാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയുകയും സധൈര്യത്തോടെ നേരിടാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയുമായിരുന്നു തന്‍റെ പുസ്‌തകത്തിലൂടെ അദ്ദേഹം.
ഇത് പുറത്തു പറയാതിരിക്കാന്‍ താന്‍ ആരുടെയും മുതല്‍ കട്ടുകൊണ്ട് വന്നിട്ടില്ല എന്നായിരുന്നു മുമ്പൊരിക്കല്‍ രോഗത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. മുന്‍ എംപി കൂടിയായിരുന്ന നടന്‍ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. എംപി ആയിരുന്ന സമയത്ത് പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചിരുന്നതെന്നും പകരം അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചെന്നുമാണ് ഇന്നസെന്‍റ് പറയുന്നത്.
അങ്കമാലി, ആലുവ, ചാലക്കുടി, പെരുമ്പാവൂര്‍ എന്നീ സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സ കേന്ദ്രം സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. തന്നെ ചികിത്സിച്ച ഡോക്‌ടര്‍ക്കും കാന്‍സര്‍ വന്നതിനെ കുറിച്ച് ഇന്നസെന്‍റ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'ഞങ്ങളില്ലേ കൂടെ ധൈര്യമായിരിക്കൂ' എന്ന് പറയുന്ന ലിസി ഡോക്‌ടര്‍ക്ക് അര്‍ബുദം ബാധിച്ചെന്ന് കേട്ടപ്പോള്‍ താന്‍ തളര്‍ന്ന് പോയെന്നും ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ കരഞ്ഞാല്‍ നമ്മളും തകര്‍ന്നു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നസെന്‍റ് എന്ന നടന്‍: ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ ഒരുപോലെ കഴിവ് തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വെള്ളിത്തിരയില്‍ തന്‍റേതായ ഒരിടം അദ്ദേഹം കണ്ടെത്തി. തന്‍റേതായ ശരീര ഭാഷ കൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും ഇന്നസെന്‍റ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
നടന്‍ മാത്രമലായല്ല, നിര്‍മാതാവെന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1972ൽ പുറത്തിറങ്ങിയ 'നൃത്തശാല'യാണ് അരങ്ങേറ്റ ചിത്രം. 'മാന്നാര്‍ മത്തായി സ്‌പീക്കിങ്', 'റാംജിറാവു സ്‌പീക്കിങ്', 'ഡോക്‌ടര്‍ പശുപതി', 'ഗജകേസരി യോഗം' തുടങ്ങിയവ ഇന്നസെന്‍റിന്‍റെ പ്രധാന ചിത്രങ്ങളാണ്.
നടനായി പ്രേക്ഷക ഹൃദയം കീഴടക്കിയ ഇന്നസെന്‍റ് രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ അദ്ദേഹം ചാലക്കുടി നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായി 2014 മെയില്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ഫിലിം ക്രിട്ടിക്‌സ് അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2009ല്‍ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും മികച്ച സഹ നടനുള്ള സംസ്ഥാന സർക്കാർ അവാർഡുമാണ് താരത്തിന് ലഭിച്ചത്.
Also Read: ഇന്നസെന്‍റ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി